മദ്യം തലയ്ക്കുപിടിച്ചപ്പോൾ വീട്ടിലേക്ക് കാറോടിച്ചുകയറ്റി, യുവാവ് അറസ്റ്റിൽ

Saturday 22 November 2025 10:53 AM IST

കോട്ടയം: മദ്യലഹരിയിൽ യുവാവ് റോഡരികിലെ വീട്ടിലേക്ക് കാറാേടിച്ചുകയറ്റി. കോട്ടയം കറുകച്ചാൽ പനയമ്പാലയിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പ്രിനോ ഫിലിപ്പാണ് കറോടിച്ചത്.

വയോധിക മാത്രം താമസിക്കുന്ന വീട്ടിലേക്കാണ് പ്രിനോ ഫിലിപ്പ് കാറോടിച്ചുകയറ്റിയത്. അമിതവേഗത്തിലെത്തിയ കാർ ഗേറ്റ് ഇടിച്ചുതകർത്ത് മുന്നോട്ടുകുതിച്ചശേഷം വീടിന് തൊട്ടടുത്തെത്തി ഇടിച്ചുനിൽക്കുകയായിരുന്നു. ബഹളംകേട്ട് സമീപവാസികൾ ഓടിയെത്തി. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രിനോ ഫിലിപ്പിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ഇയാളുടെ ലൈസൻസ് റദ്ദാക്കാനായി ആർടിഒയ്ക്ക് റിപ്പോർട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.