'കൊന്നിട്ടാലും ആരും ചോദിച്ചു വരില്ലെന്ന തോന്നലാണ് അയാൾക്ക്'; യുവതിയെ പൂട്ടിയിട്ടത് അഞ്ച് വർഷം; കൊടുംക്രൂരത
കൊച്ചി: യുവമോർച്ചയുടെ ജില്ലാ സെക്രട്ടറി ഗോപു പരമശിവനിൽ നിന്ന് ക്രൂരമായി മർദ്ദനമേറ്റത് നിസാരമായ കാര്യത്തിനാണെന്ന് ഒപ്പം താമസിച്ച യുവതി. ബെൽറ്റും ചാർജർ കേബിളും ഷൂസും ചട്ടുകവും ഉപയോഗിച്ച് മർദ്ദനം പതിവാണെന്ന് യുവതി പറയുന്നു. കഴിഞ്ഞ ദിവസം ആക്രമിച്ചത് ഹെൽമെറ്റ് താഴെവച്ചെന്ന നിസാര കാരണത്തിനായിരുന്നു എന്ന് യുവതി പറയുന്നു. തന്നെ ഉപദ്രവിക്കുന്നത് ഒരു ഹരമായാണ് ഗോപു കാണുന്നതെന്നും യുവതി പറഞ്ഞു.
'അയാൾക്കൊപ്പം അഞ്ച് വർഷമായി താമസിക്കുന്നു. ഞങ്ങളുടെ ബന്ധുക്കൾക്ക് അല്ലാതെ വേറെ ആർക്കും ഒന്നിച്ച് താമസിക്കുന്നത് അറിയില്ല. ബാക്കി എല്ലാവരോടും സിംഗിളാണെന്നാണ് ഗോപു പറഞ്ഞത്. അഞ്ച് വർഷത്തോളമായി എന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. എനിക്കും മടുത്തു. ഇന്നലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ബോധം കെട്ട് ഞാൻ വീണു.
എല്ലാ ദിവസവും ഉപദ്രവിക്കും. ഞാൻ മരിച്ചെന്ന് കരുതിയിട്ടാവും എന്നെ ഇട്ടിട്ട് പോയത്. അയാളെ ബോധം വന്നപ്പോൾ കാണാനില്ല. വേഗം വസ്ത്രം ധരിച്ച് സഹോദരിയുടെ അടുത്തേക്ക് പോയി. പരാതി നൽകാൻ എനിക്ക് പേടിയായിരുന്നു. ഇയാൾ എന്നെ ഉപദ്രവിക്കുമോ എന്ന ഭയം. പുറത്തേക്ക് ഇറങ്ങാനോ ആരോടും സംസാരിക്കാനോ ആരെയും വിളിക്കാനോ എനിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഭീഷണിപ്പെടുത്തിയാണ് എന്നെ കൂടെ നിർത്തിയിരിക്കുന്നത്.
പാർട്ടി നേതാക്കൾക്ക് പരാതി നൽകിയിട്ടും കാര്യമില്ല. ഇയാൾ ആരെയും ഭയമില്ലാത്ത വ്യക്തിയാണ്. എന്നെ കൊന്നിട്ടാലും ആരും ചോദിച്ചു വരില്ല എന്ന തോന്നലാണ് അയാൾക്ക്. പട്ടിക്കും പൂച്ചയ്ക്കും തെരുവുനായയ്ക്കും പോലും ഇങ്ങനെ തല്ല് കിട്ടില്ല. അറക്കാൻ കൊണ്ടുപോകുന്ന മാടിന് പോലും ഇങ്ങനത്തെ അവസ്ഥ വരില്ല, അത്രയ്ക്കും ദയനീയമാണ് നിന്റെ അവസ്ഥ എന്ന് പറഞ്ഞ് തല്ലും.
അടികൊണ്ടതിന്റെ പാടുകൾ വ്യക്തമാകുന്ന തരത്തിൽ അയാൾ ഫോട്ടോ എടുത്ത് വെക്കുമായിരുന്നു. 'നിന്നെ ഉപദ്രവിക്കുന്നത് എനിക്ക് ഹരമാണ്' എന്ന് അയാൾ ആ ചിത്രങ്ങൾ നോക്കി പറയും. വീട്ടിൽ തന്നെ പൂട്ടിയിടും. പുറത്തുപോകുമ്പോൾ പുറത്തുനിന്ന് പൂട്ടിയിടും. ഫോണിൽ പുറത്തേക്ക് വിളിക്കാൻ സാധിക്കില്ല, ഇങ്ങോട്ട് വരുന്ന കോളുകൾ മാത്രമേ എടുക്കാൻ സാധിക്കൂ. ഇതേക്കുറിച്ച് പുറത്താർക്കും അറിയില്ലായിരുന്നു.
ബന്ധുക്കൾ ആരെങ്കിലും ഫോൺ ചെയ്താൽ അയാൾ അടുത്ത് നിന്ന് എന്ത് സംസാരിക്കണമെന്ന് പറഞ്ഞു കൊടുക്കും. അയാൾ കൈയിൽ വടിയുമായി അടുത്ത് നിൽക്കും. അതുകൊണ്ട് അയാൾ പറയുന്നത് മാത്രമേ എനിക്ക് സംസാരിക്കാൻ സാധിക്കൂ. ഇടുന്ന ഷൂ വരെ ഊരി അടിച്ചിട്ടുണ്ട്. താൻ ഭൂമിയോളം ക്ഷമിച്ചു കഴിഞ്ഞെന്നും, ഇനി ഒരടി പോലും ക്ഷമിക്കാൻ തനിക്കാവില്ലെന്നും വ്യക്തമാക്കി. അത്രമാത്രം ആ വീട്ടിൽ കിടന്ന് അനുഭവിച്ചിട്ടുണ്ട്. എനിക്ക് വയ്യ'- യുവതി പറഞ്ഞു.
സംഭവത്തെത്തുടർന്ന് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എറണാകുളം തേവര ക്ലിന്റ് റോഡിൽ അലുക്കൽ വീട്ടിൽ ഗോപു പരമശിവനെ (32) മരട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ചേരാനെല്ലൂർ വടുതല ചാണ്ടി റോഡിൽ അമ്പാട്ടുവീട്ടിൽ ഫിലോമിന ടെസിക്കാണ് (36) മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റു. സംഭവത്തെത്തുടർന്ന് ഗോപുവിനെ ബിജെപിയിൽ നിന്ന് പുറത്താക്കിയതായി പാർട്ടി നേതൃത്വം അറിയിച്ചു.