പൊലീസുകാരനെ നിരന്തരം ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തു, ഗ്രേഡ് എസ്ഐക്കെതിരെ കേസ്

Saturday 22 November 2025 11:30 AM IST

കൊച്ചി: പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ ഗ്രേഡ് എസ്‌ഐക്കെതിരെ കേസെടുത്തു. എറണാകുളം പാലാരിവട്ടം സ്​റ്റേഷനിലെ എസ്‌ഐ ബൈജുവിനെതിരെയാണ് നടപടി. എറണാകുളം കോസ്​റ്റൽ സ്‌​റ്റേഷനിലെ സിപിഓയാണ് പരാതി നൽകിയത്. ഇയാൾ അടുത്തിടെ പാലാരിവട്ടത്തെ ഒരു സ്പാ സെന്ററിൽ മസാജിനുപോയിരുന്നു. തുടർന്ന് സ്പാ സെന്ററിലെ ഒരു ജീവനക്കാരി സിപിഓയെ വിളിക്കുകയും മാല മോഷണം പോയെന്ന് പറയുകയും ചെയ്തു.

പരാതിക്കാരൻ മാല മോഷ്ടിച്ചെന്നാണ് ജീവനക്കാരി ആരോപിച്ചത്. പിന്നാലെ തന്നെ ബൈജു സിപിഓയെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. അയാൾക്കെതിരെ കേസെടുക്കുമെന്നും സ്പായിൽ പോയ കാര്യം വീട്ടിൽ അറിയിക്കുമെന്ന് പറഞ്ഞ് ബൈജു ഭീഷണിപ്പെടുത്തുകയായിരുന്നു. അത്തരത്തിൽ നാല് ലക്ഷം രൂപയാണ് ബൈജു പൊലീസുകാരനിൽ നിന്ന് തട്ടിയെടുത്തത്. പണം തട്ടിയെടുക്കുന്നത് സ്ഥിരമായതോടെയാണ് പൊലീസുകാരൻ പരാതി നൽകിയത്. ബൈജുവിനെയും സ്പായിലെ ജീവനക്കാരിയെയും പ്രതിചേർത്താണ് കേസ് രജിസ്​റ്റർ ചെയ്തിരിക്കുന്നത്.