'ഹിന്ദുക്കളില്ലെങ്കിൽ ലോകം നിലനിൽക്കില്ല, ഹിന്ദുസമൂഹം അനശ്വരമാണ്'
ന്യൂഡൽഹി:ലോകത്തെ സുസ്ഥിരമായി നിലനിറുത്തുന്നതിന്റെ കേന്ദ്രം ഹിന്ദുസമൂഹമാണെന്നും ഹിന്ദുക്കളില്ലാതെ ലോകം നിലനിൽക്കില്ലെന്നും ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. മണിപ്പൂർ സന്ദർശനത്തിനിടെയായിരുന്നു ആർഎസ്എസ് മേധാവിയുടെ അഭിപ്രായപ്രകടനം.
'ഹിന്ദുസമൂഹം അനശ്വരമാണ്.ഈജിപ്തിലെയും റോമിലെയും സംസ്കാരങ്ങളെ ഭാരതം അതിജീവിച്ചിട്ടുണ്ട്. ആ രണ്ട് സംസ്കാരങ്ങളും ഭൂമുഖത്തുനിന്ന് നശിച്ചു. എന്നാൽ നമ്മുടെ സംസ്കാരം ഇപ്പോഴും ഇവിടെയുണ്ട്. ഭാരതം എന്നത് അനശ്വരമായ ഒരു നാഗരികതയുടെ പേരാണ്. സമൂഹത്തിൽ നാം ഒരു ശൃംഖല സൃഷ്ടിച്ചു. ഹിന്ദുക്കൾ ഇല്ലാതായാൽ ലോകം നശിക്കും. രാഷ്ട്രം കെട്ടിപ്പടുക്കുമ്പോൾ ആദ്യംവേണ്ടത് ശക്തിയാണ്. സാമ്പത്തിക സ്വയം പര്യാപ്തതയാണ് രാജ്യം നേടേണ്ട ആദ്യലക്ഷ്യം. നമ്മുടെ സമ്പദ് വ്യവസ്ഥ പൂർണമായും സ്വാശ്രയമായിരിക്കണം. സമൂഹം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതുകൊണ്ടാണ് മാവോയിസവും നക്സലിസവും ഭാരതത്തിൽ ഇല്ലാതായത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സൂര്യൻ ഇന്ത്യയിൽ അസ്തമിച്ചു. അതിനായി നമ്മൾ പരിശ്രമിച്ചത് 90 വർഷമാണ്. നമ്മുടെ ശബ്ദം അടിച്ചമർത്താൻ ഒരിക്കലും ഞങ്ങൾ അനുവദിച്ചിരുന്നില്ല'- മോഹൻ ഭഗവത് പറഞ്ഞു.
മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂർവികരുടെ പിന്മുറക്കാരായതിനാൽ ആരും അഹിന്ദു ആയിരുന്നില്ലെന്ന് ഭഗവത് ആർഎസ്‌എസ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അസാമിൽ നടന്ന പരിപാടിയിൽ പറഞ്ഞിരുന്നു.
'ഭാരതത്തെ തിരിച്ചറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഏതൊരാളെയും വ്യക്തിപരമായ ആരാധനാരീതികൾ പരിഗണിക്കാതെ ഹിന്ദുവായി കണക്കാക്കാം. നൂറ്റാണ്ടുകളുടെ സാംസ്കാരിക തുടർച്ചയിലൂടെ രൂപപ്പെട്ട നാഗരിക സ്വത്വമാണ് ഹിന്ദുമതം. ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. ബാഹ്യ വ്യാഖ്യാനങ്ങളെ ആശ്രയിക്കാതെ ശാഖ സന്ദർശിച്ച് ആർഎസ്എസിനെ മനസിലാക്കണം. ഭാരതത്തെ ഒരു വിശ്വഗുരുവാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആർഎസ്‌എസ് വ്യക്തികളുടെ സ്വഭാവ നിർമ്മാണത്തിൽ ശ്രദ്ധിക്കുന്നു. നിയമവിരുദ്ധ കുടിയേറ്റത്തെയും മതപരിവർത്തനത്തെയും എതിർക്കണം. സമൂഹ മാദ്ധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണം'- എന്നാണ് അദ്ദേഹം പറഞ്ഞത്.