കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം, കാക്കനാട് ശിശുസംരക്ഷണ കേന്ദ്രത്തിലെ മൂന്ന് ജീവനക്കാർക്കെതിരെ പോക്സോ കേസ്

Saturday 22 November 2025 12:40 PM IST

കൊച്ചി: കാക്കനാട് ശിശുസംരക്ഷണ കേന്ദ്രത്തിൽ നാല് കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാർക്കെതിരെ കേസെടുത്തു. തൃക്കാക്കര പൊലീസാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ആക്രമത്തിനിരയായവരിൽ മാനസികവെല്ലുവിളി നേരിടുന്ന ആസാം സ്വദേശിനിയായ 14കാരിയുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടികളുടെ മൊഴി ശേഖരിച്ച ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.

സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരൻ, ഡ്രൈവർ ,​ ഗേറ്റ് കീപ്പർ എന്നിവർക്കെതിരെയാണ് കേസ്. കേന്ദ്രത്തിൽ നിന്ന് ഒരു പെൺകുട്ടിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്. പെൺകുട്ടിയ്ക്കുണ്ടായ അണുബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്.