ബിഗ് ബോസിൽ നിന്ന് കോൾ വന്നു, പോകുന്ന കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ഇതായിരുന്നു ഭാര്യയുടെ പ്രതികരണം
മിനിസ്ക്രീനിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് സാജൻ സൂര്യ. ബിഗ് ബോസിൽ നിന്ന് തന്നെ വിളിച്ചിരുന്നെന്നും എന്തുകൊണ്ടാണ് പോകാതിരുന്നതെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് സാജൻ സൂര്യ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എല്ലാ സീസണിലും ബിഗ് ബോസിൽ നിന്ന് വിളി വരാറുണ്ട്. ഇത്തവണ എന്റെ സീരിയൽ കഴിഞ്ഞ സമയത്തായിരുന്നു വിളിച്ചത്. പോകാൻ പറ്റുന്ന അവസ്ഥയായിരുന്നു ഇപ്രാവശ്യം. അതിനുമുമ്പൊക്കെ പല വർക്കുകളിലായിരുന്നു.
ബിഗ് ബോസിൽ പോകുന്നതിനെക്കുറിച്ച് വെറുതെയൊന്ന് വീട്ടിൽ ചോദിച്ചു. നിങ്ങളെ എനിക്ക് ഒട്ടും വിശ്വാസമില്ലാത്തതുകൊണ്ട് ബിഗ് ബോസിൽ പോകേണ്ടെന്നാണ് ചർച്ചയ്ക്കൊടുവിൽ ഭാര്യ പറഞ്ഞത്. അഭിമുഖങ്ങളിൽ വളരെ ഡീസന്റായി പെരുമാറും. പക്ഷേ ഈ സ്വഭാവമേയല്ല എനിക്ക് വീട്ടിൽ. ഞാൻ എന്റെ യഥാർത്ഥ സ്വഭാവം കാണിച്ച് എന്തിനാണ് പ്രേക്ഷകരെ വെറുപ്പിക്കുന്നത്. നല്ല സ്വഭാവമാണെന്നാണ് എല്ലാവരും കരുതുന്നത്. അവർക്ക് എന്നോട് ഒരിഷ്ടമൊക്കെയുണ്ട്.എന്തിനാണ് അതില്ലാതാക്കുന്നത്.'- സാജൻ സൂര്യ പറഞ്ഞു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസിന്റെ സീസൺ 7 അടുത്തിടെയാണ് അവസാനിച്ചത്. നടി അനുമോൾ ആണ് ഇത്തവണത്തെ വിജയി. പി ആർ കൊണ്ടാണ് അനുമോൾ വിജയിച്ചതെന്ന് ചിലർ വിമർശിച്ചിരുന്നു. കോമണറായെത്തിയ അനീഷിനാണ് ഇത്തവണ രണ്ടാം സ്ഥാനം കിട്ടിയത്. ആദ്യമായിട്ടാണ് കോമണറായെത്തിയ ഒരാൾ രണ്ടാം സ്ഥാനത്തെത്തുന്നത്.