'തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ താൽപര്യങ്ങൾക്കായി സഹകരിക്കണം'; കോൺഗ്രസിനെതിരെ ഒളിയമ്പുമായി തരൂർ
ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും ഒളിയമ്പെയ്ത് ശശി തരൂർ എംപി. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യതാൽപര്യത്തിനായി സഹകരിച്ച് മുന്നോട്ടുപോകണമെന്നും ഇന്ത്യയിലും ഇത്തരം ഒരു സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും ശശി തരൂർ എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹറാൻ മംദാനിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് തരൂരിന്റെ കുറിപ്പ്.
'ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ കാഴ്ചപ്പാടിന് വേണ്ടി ആവേശത്തോടെ തടസ്സങ്ങളൊന്നുമില്ലാതെ പോരാടുക. എന്നാൽ അത് അവസാനിച്ചുകഴിഞ്ഞാൽ രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ പഠിക്കുക. ഇന്ത്യയിൽ ഇത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു എന്റെ പങ്ക് നിർവഹിക്കാൻ ഞാൻ ശ്രമിക്കുന്നു'- ശശി തരൂർ കുറിച്ചു.
അതേസമയം, ദിവസങ്ങൾക്ക് മുമ്പാണ് ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്തെത്തിയത്. പിന്നാലെയാണ് കോൺഗ്രസിനെതിരെ ഒളിയമ്പ്. രാംനാഥ് ഗോയങ്കാ പ്രസംഗ പരമ്പരയിൽ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണത്തെ പ്രകീർത്തിച്ചാണ് തരൂർ രംഗത്തെത്തിയത്. മോദിയുടെ പ്രസംഗം ഒരു സാംസ്‌കാരിക ആഹ്വാനമായും സാമ്പത്തിക നിലപാട് മികച്ചതായും തനിക്ക് അനുഭവപ്പെട്ടെന്ന് ശശി തരൂർ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിന്റെ അപ്രീതിക്ക് വഴിവച്ച് ഓപ്പറേഷൻ സിന്ദൂർ പ്രതിനിധി സംഘത്തെ നയിക്കാൻ മോദി സർക്കാർ തരൂരിനെ വിദേശത്തേക്ക് അയച്ചത് കോൺഗ്രസും തരൂരും തമ്മിലുള്ള അകലം വർദ്ധിപ്പിച്ചിരുന്നു.