സ്മൃതിലാവണ്യം
കഥാകൃത്തും നോവലിസ്റ്റും തിരക്കഥാ രചയിതാവുമായിരുന്ന സതീഷ്ബാബു പയ്യന്നൂർ ഓർമ്മയായിട്ട് മൂന്നു വർഷം
'ജീവിതത്തിന് സ്‌നേഹശൂന്യത ഏല്പിക്കുന്ന പരിക്കുകളിലേക്ക് അക്ഷരം അമൃതമായി പരന്നെങ്കിലെന്ന് ഞാൻ ആശിക്കുകയാണ്."
സതീഷ് ബാബു എഴുതി. ജീവിതത്തിലും എഴുത്തിലും സാഹസികതയായിരുന്നു സതീഷ് ബാബുവിന് ഇഷ്ടം. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ കാല്പാടുകൾ തേടിയുള്ള യാത്ര അദ്ദേഹത്തിന് ഒരു ജീവിത നിയോഗം പോലെയായിരുന്നു. കാണുമ്പോഴെല്ലാം സതീഷ്ബാബു അതേക്കുറിച്ച് പറയും. അസാധാരണ ജീവിതത്തിലൂടെയുള്ള ക്ലേശകരവും ആത്മഹർഷം പകരുന്നതുമായ ഒരു ആന്തരിക യാത്രയായിരുന്നു അത്. ആ പ്രയാണത്തിനിടയിലാണ് ആ ജീവിതയാത്രയും അപൂർണമായി അവസാനിച്ചത്.
സതീഷ് ബാബുവിന്റെ മരണശേഷം കേരളകൗമുദി ഓണപ്പതിപ്പിൽ (2024) പൂർത്തിയാകാത്ത ആ നോവൽ പ്രസിദ്ധീകരിച്ചു വന്നു. സതീഷ് ബാബുവിന്റെ പ്രിയതമയായ ഗിരിജയുടെ ഒരു കുറിപ്പും ഒപ്പമുണ്ടായിരുന്നു. സതീഷ് ബാബുവിന്റെ മേശപ്പുറത്ത് പി-യുടെ കാവ്യപുസ്തകങ്ങളും എഴുതിയ വരികളും ചിതറിക്കിടക്കുമായിരുന്നുവെന്നും, പിയെക്കുറിച്ചുള്ള എഴുത്ത് തൊട്ടാൽ പൊള്ളുന്ന കാര്യമാണന്ന് സതീഷ് പറയുമായിരുന്നുവെന്നും ഗിരിജ വേദനയോടെ ഓർക്കുന്നു. ഒടുവിൽ 'സത്രം" എന്ന നോവൽ രചന സതീഷ് ബാബുവിന്റെ മരണത്തിലേക്കുള്ള യാത്രയായി പരിണമിച്ചു. 2022 നവംബർ 24-ന് സത്രത്തിലെ താമസം പാതിവഴിയിൽ ഉപേക്ഷിച്ച് സതീഷ് മരണത്തെ സ്വീകരിച്ചു.
ഹൃദയത്തെ തൊടുന്ന കുറേ ചെറുകഥകളിലൂടെയാണ് സതീഷ്ബാബു പയ്യന്നൂർ വായനക്കാരുടെ മനസിൽ ഇന്നും ജീവിക്കുന്നത്. ഒരു തൂവലിന്റെ സ്പർശം, പേരമരം, വൃശ്ചികം വന്നു വിളിച്ചു, ഇളയമ്മ, മനസ്, അരികിലാരോ എന്നീ കഥകൾ സ്‌നേഹം നിഷേധിക്കപ്പെട്ട മനുഷ്യാത്മാക്കളുടെ വിലാപങ്ങളാണ്. 'ഒരു തൂവലിന്റെ സ്പർശം" സതീഷിന്റെ ഏറ്റവും ആർദ്രലാവണ്യമുള്ള കഥകളിലൊന്നാണ്. ആത്മാർത്ഥമായ സ്‌നേഹം മനസിലാക്കപ്പെടാതെ പോവുക എന്ന മഹാസങ്കടത്തെക്കുറിച്ച് ചെക്കോവ് മുതൽ ധാരാളം മഹാപ്രതിഭകൾ കഥകളെഴുതിയിട്ടുണ്ടെങ്കിലും സതീഷ് ബാബുവിന്റെ ഈ കഥ നമ്മെ വല്ലാതെ സ്പർശിക്കും.
ജീവിതത്തിരക്കിനിടയിൽ, ഔദ്യോഗിക വിഷമതകൾക്കിടയിൽ എൺപത്തിയേഴു തികഞ്ഞ അമ്മയുടെ പിറന്നാളിന് ഒരു അതിഥിയെപ്പോലെ അയാൾ വൈകിയെത്തുന്നു. ഉള്ളിലെ സ്‌നേഹം മനസിലാക്കാതെ സ്വന്തം അമ്മ പോലും അയാളെ തള്ളിപ്പറയുന്നു. 'എന്തിനാ നീയിപ്പം വന്നതെ"ന്ന് അവർ ചോദിക്കുന്നു. അയാൾ ഒരു ദുശ്ശകുനം പോലെ തിരികെപ്പോകുന്നു. കഥയുടെ ഒടുവിൽ, രാത്രി മുഴുവൻ അമ്മയെ ഓർത്ത് ഉറങ്ങാതെ ഒറ്റയ്ക്കിരിക്കുന്ന അയാളോട് ഭാര്യ ചോദിക്കുന്നു: 'തനിച്ചോ?" താൻ തനിച്ചല്ലെന്നും അമ്മയുണ്ടല്ലോ കൂടെയെന്നും പറഞ്ഞ് അയാൾ പൊട്ടിക്കരയുന്നു. നിഷേധിക്കപ്പെട്ട സ്‌നേഹം മുറിവായി മാറുന്ന നിമിഷമാണിത്.
അനാഥത്വത്തെക്കുറിച്ച് ഏറ്റവും മികച്ച ചില കഥകൾ സംഭാവന ചെയ്തിട്ടാണ് സതീഷ് ബാബു പോയത്.
അതിലൊന്നാണ് 'പേരമരം." സ്വന്തം ഹൃദയത്തോട് ചേർന്നുനിൽക്കുന്നുവെന്ന് സതീഷ് പറഞ്ഞിട്ടുള്ള ഈ കഥയെക്കുറിച്ച് അതീവഹൃദ്യമായ ശൈലിയിൽ ആസ്വാദനമെഴുതിയ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ എഴുതി: 'ഒരു ചെറുകഥ നമ്മുടെ വലിയ ജീവിതത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് ഞാൻ 'പേരമരം" എന്ന കഥയിലൂടെ മനസിലാക്കുന്നു!"
സതീഷിന്റെ ആത്മസ്പന്ദമുള്ള 'അരികിലാരോ" എന്ന അവസാന സമാഹാരത്തിലെ കഥകളെല്ലാം മികച്ചവയാണ്. അതിലെ 'അരികിലാരോ" എന്ന കഥയും അവഗണിക്കപ്പെട്ട വാർദ്ധക്യത്തിന്റെ ദുരന്തചിത്രം വാക്കുകളിലൂടെ വരയ്ക്കുന്നു. ജീവിതകാലം മുഴുവൻ പുസ്തകങ്ങളെ സ്‌നേഹിച്ച, വായിച്ച പുസ്തകങ്ങൾ വീട്ടിൽ ലൈബ്രറിയിൽ സൂക്ഷിച്ച, ഭാര്യ നേരത്തേ മരിച്ചുപോയ ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥന്റെ ജീവിതസായാഹ്നത്തിന്റെയും ജീവിതാന്ത്യത്തിന്റെയും കഥയാണ് അത്.
ജീവിതത്തിൽ ഉന്നതിയിലെത്തിയ മക്കളുടെ പെരുമാറ്റത്തിലൂടെ അച്ഛനമ്മമാർ നേരിടുന്ന അവഗണനകളെ കാണിക്കുന്ന 'അരികിലാരോ" നാം പെരുപ്പിച്ചുകാട്ടുന്ന ജീവിതം എത്ര നിസാരവും അർത്ഥശൂന്യവുമെന്ന് കാട്ടിത്തരുന്നു. 'പുസ്തകക്കൂനയ്ക്കുമേൽ, നഷ്ടമാകുന്ന ബോധത്തിനിടയിലും അറിയുന്നുണ്ടായിരുന്നു, ഒരപൂർവഗന്ധം ചുറ്റിലും. ആരോ അരികിലുണ്ട്. ആരോ ശിരസിൽ തലോടുന്നുണ്ട്. പതിയെ ബോധം മറഞ്ഞുപോയി..." മരണം ആശ്വാസമായി എത്തുന്ന മുഹൂർത്തമാണിത്.
വലിയ സ്വപ്നങ്ങൾ കണ്ട കഥാകാരൻ ഒടുവിൽ, തന്റെ ജീവിതത്തിലെ ഏറ്റവും മഹനീയമായ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയുടെ ഹർഷപ്രഹർഷത്തിൽ സ്വയം ഒരു സ്വപ്നമായിത്തീർന്നു. സ്‌നേഹരാഹിത്യത്താൽ മുറിവേറ്റവരുടെ ജീവിതം കാട്ടിത്തരുന്ന കഥകളിലൂടെ, പ്രതിഭാശാലിയായ ഈ കഥാകാരൻ വായനയുടെ മനസിൽ ഒരുപാടുകാലം ജീവിക്കും.
(ലേഖകന്റെ മൊബൈൽ: 98476 29326)