ശിശുദിനത്തിൽ തുറന്ന പേജ്
കുട്ടികൾക്കായി മാത്രം സിനിമ ഒരുക്കി സംവിധായകൻ അനിഷ് ഉറുമ്പിൽ കുട്ടികൾക്കായി നല്ല സിനിമയില്ലെന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ പരാമർശം ചർച്ചയാകുന്നതിനിടെ കുട്ടികൾക്കായി മാത്രം സിനിമ ഒരുക്കുന്ന ഡോ. അനിഷ് ഉറുമ്പിലിന്റെ മൂന്നാമത്തെ ചിത്രം പേജ് തിയേറ്ററ്റിൽ . ഫീൽ ഗുഡ് ഗണത്തിൽപ്പെടുന്ന 'പേജ്" എന്ന കുടുംബ ചിത്രത്തിന്റെ പ്രമേയം കൗമാര പ്രണയത്തിനൊപ്പം ലഹരിക്കെതിരായ കുടുംബത്തിന്റെ പോരാട്ടമാണ്. ബാലതാരങ്ങളായ ജൂലിയൻ ഷാ ഈപ്പൻ, റിയ സിറിൾ, വൃന്ദ മനു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അനുശ്രീ,ബിബിൻ ജോർജ്, സാജു നവോദയ, സീമ ജി.നായർ, അരുൺ അശോക് എന്നീ താരങ്ങളുമുണ്ട് .മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും സിനിമയുടെ ഭാഗമാണ്. വയലാർ ശരത് ചന്ദ്രവർമ്മയും ടിനോ ഗ്രേസ് തോമസുമാണ് ഗാനരചന. വിദ്യാലയങ്ങളിൽ പേജ് പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് അനിഷ് ഉറുമ്പിൽ. അവധി എടുത്ത് സിനിമക്കാരനായി സിവിൽ സപ്ലൈസ് വകുപ്പിൽ ജോലിക്കാരനായ അനിഷ് സിനിമ മോഹം കലശലായതോടെ അവധിയെടുത്ത് സംവിധായകനായി. തൊടുപുഴ കാളിയാർ ആണ് നാട്. കാളിയാർ നാഷണൽ ലൈബ്രറിയിലെ പുസ്തകങ്ങളുമായി നിരന്തര ചങ്ങാത്തം എഴുത്തിന് കരുത്തുപകർന്നു. പത്തുവർഷം മുമ്പ് വഴിത്തല ശാന്തിഗിരി കോളേജിൽ എം.എസ്.ഡബ്ല്യു അദ്ധ്യാപകനായിരിക്കെ സംവിധാനം ചെയ്ത 'മഷിത്തണ്ട് " എന്ന ചിത്രം ഏറെ ശ്രദ്ധ നേടി. കോളേജ് എം.എസ്.ഡബ്ല്യു ഡിപാർട്മെന്റ് നിർമ്മിച്ച് തിയേറ്ററിൽ റിലീസ് ചെയ്ത ആദ്യ ചിത്രം ആണ് മഷിത്തണ്ട് . രണ്ട് ഹ്രസ്വചിത്രങ്ങൾ ചെയ്ത ധൈര്യത്തിലാണ് അനിഷ് അന്ന് സോഷ്യൽ വർക്ക് കുട്ടികളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയിൽ സ്വരൂപിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് ആദ്യ സംവിധാന സംരംഭം ഒരുക്കിയത് . സീമ ജി. നായരും മാസ്റ്റർ മിനോണും മുഖ്യകഥാപാത്രങ്ങളായി. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും മുരുകൻ കാട്ടാക്കടയുടെയും കവിതകളുള്ള ചിത്രത്തിന്റെ ടൈറ്റിൽ സോംഗ് പാടിയത് നടൻ സുരേഷ് ഗോപി . 2019ൽ അനിഷ് പി.എച്ച്.ഡി ഗവേഷണം ചെയ്യുന്ന സമയത്ത് കേരളത്തിലെ ഏകഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ പോയി. അവിടത്തെ കുട്ടികളുടെ ജീവിത സാഹചര്യങ്ങൾ പ്രമേയമാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഒറ്റ ചോദ്യം" എന്ന സിനിമ മോസ്കോ, ജയ്പൂർ തുടങ്ങി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇടമലക്കുടിയിലെ കുട്ടികളോടൊപ്പം രഞ്ജി പണിക്കർ, മഹേഷ് തൊടുപുഴ, ബിനോജ് വില്യ എന്നിവരും അഭിനേതാക്കളായി. ഭാര്യ മേഘ. മകൻ അധിപൻ.