ശബരിമലയിൽ ജോലിക്ക് അവസരം, ഒഴിവുകളുടെ എണ്ണം 300 

Saturday 22 November 2025 5:36 PM IST

തിരുവനന്തപുരം: 2025-26 ശബരിമല തീർത്ഥാടാന മഹോത്സവത്തോടനുബന്ധിച്ച് ശബരിമല പമ്പ, നിലയ്ക്കൽ, എരുമേലി എന്നീ ദേവസ്വങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ സേവനം അനുഷ്ഠിയ്ക്കാൻ താത്പര്യമുള്ള 18നും 67നും മദ്ധ്യേ പ്രായമുള്ള പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു. ഇത് സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് വെബ്സൈറ്റിൽ (www.travancoredevaswomboard.org) ലഭ്യമാണ്. 650 രൂപയാണ് വേതനം. 300 ഒഴിവുകളാണ് നിലവിലുള്ളത്.

അതേസമയം, ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗിന്റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മി​റ്റിയെ നിയോഗിച്ചു. ദേവസ്വം മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ഇന്ന് പമ്പയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർണായക തീരുമാനങ്ങളെടുത്തിരിക്കുന്നത്. പൊലീസ് കോർഡിനേ​റ്റർ,​ എക്സിക്യൂട്ടീവ് ഓഫീസർ, സ്‌പെഷ്യൽ കമ്മീഷണർ എന്നിവരാണ് പ്രത്യേക കമ്മിറ്റിയിലെ അംഗങ്ങൾ.

ശബരിമലയിലെ ഓരോ ദിവസത്തെയും ഭക്തജനത്തിരക്ക് പരിഗണിച്ചായിരിക്കും സ്‌പോട്ട് ബുക്കിംഗ് എണ്ണം തീരുമാനിക്കുക. ഇതോടെ സന്നിധാനത്തുണ്ടാകുന്ന അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാൻ സാധിക്കും. ശബരിമലയിൽ ഇനിയും ചെയ്യാനുളള മരാമത്ത് ജോലികൾ പൂർത്തിയാക്കുക, സന്നിധാനത്തും പമ്പയിലുമായി 400ഓളം ദിവസവേതനക്കാരുടെ ഒഴിവുകൾ പരിഹരിക്കുക, ഭക്തരുടെ അടിസ്ഥാനാവശ്യങ്ങൾ സുഗമമായി നടപ്പിലാക്കാനുളള സംവിധാനങ്ങളൊരുക്കുക എന്നിവയും യോഗത്തിൽ തീരുമാനമായി.

കഴിഞ്ഞ ദിവസം സ്‌പോട്ട് ബുക്കിംഗ് നിയന്ത്രണത്തിൽ ഹൈക്കോടതി ഇളവ് നൽകിയിരുന്നു. തീർത്ഥാടകരുടെ തിരക്ക് അനുസരിച്ച് ദേവസ്വം ബോർഡിനും പൊലീസിനും തീരുമാനമെടുക്കാമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വലിയ നടപ്പന്തലിലെ കാത്തുനിൽപ്പൊഴിച്ചാൽ കാര്യമായ തിരക്ക് നിലവിൽ അനുഭവപ്പെടുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്.