കുമാരനല്ലൂർ ക്ഷേത്രത്തിലെ ശേവേധി മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം

Sunday 23 November 2025 12:17 AM IST

കോട്ടയം : നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകളും അപൂർവ ഗ്രന്ഥങ്ങളും. വൈദ്യവും, ജ്യോതിർ ഗണിതവും,​ ശാസ്ത്രവും വാസ്തുശാസ്ത്രവും ഉൾപ്പെടെ അറിവിന്റെ അക്ഷയഖനികളായി 37,200 താളിയോലകൾ. കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ നെൽപ്പുരമാളിക ചരിത്ര ഗവേണഷ കേന്ദ്രവും മ്യൂസിയവുമൊക്കെയായി മാറുമ്പോൾ കേന്ദ്രജ്ഞാനഭാരതം മിഷന്റെ സ്വതന്ത്ര ഗവേഷണ സ്ഥാപനത്തിനുള്ള അംഗീകാരവും ലഭിച്ചു. ഗാന്ധിജി കുമാരനല്ലൂർ ക്ഷേത്രത്തിൽ എത്തിയപ്പോൾ വിശ്രമിച്ച നെൽപ്പുര മാളികയിലാണ് 'ശേവേധി മ്യൂസിയം ആൻഡ് ഇൻഡോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. 'ശേവേധിയെന്നത് ' കുബേരന്റെ നവനിധികളിൽ ഒന്നാണ്. ദേവസ്വത്തിന് കീഴിൽ ട്രസ്റ്റിനാണ് ശേവേധിയുടെ ചുമതല.

ഗാന്ധിജിയുടെ സന്ദർശനത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് ഗവേഷണ കേന്ദ്രത്തിൽ പ്രതിമയും ഉയരും. അലങ്കോലമായി കിടന്നിരുന്ന താളിയോലകൾ 2024 ഫെബ്രുവരിയിലാണ് കണ്ടെത്തിയത്. വീണ്ടെടുത്ത താളിയോലകൾ 100 വീതമുള്ള കെട്ടുകളാക്കി. ക്ഷേത്രം ഭാരവാഹികളുടെ ക്ഷണം അനുസരിച്ച് ചരിത്രകാരൻ ഡോ.എം.ജി.ശശിഭൂഷണാണ് പ്രാഥമിക പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് താളിയോലകൾ സംരക്ഷിക്കുന്നതിനും മ്യൂസിയം ആരംഭിക്കുന്നതിനും തീരുമാനിച്ചത്. വട്ടെഴുത്ത് രീതിയിലുള്ള താളിയോലകളിലെ ആലേഖനങ്ങൾ ഡോ.എസ്.രാജേന്ദുവിന്റെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥികൾ വായിച്ച് തരംതിരിച്ചു.

താളിയോലകൾ വീണ്ടെടുത്തത് നീണ്ട ശ്രമത്തിൽ താളിയോലകൾ പുൽത്തൈലവും കൺമഷിയും ചേർത്ത് നിർമിച്ച മിശ്രിതം ഉപയോഗിച്ചാണ് വൃത്തിയാക്കി വീണ്ടെടുത്തത്. ഇതിനായി വൻ സാമ്പത്തിക ചെലവുമുണ്ടായി. ക്ഷേത്രവുമായി ബന്ധപ്പെട്ട കത്തിടപാടുകൾ ക്ഷേത്രഭൂമിയുടെ രേഖകൾ, നെൽവരുമാനക്കണക്ക് അങ്ങനെ വിവിധ രേഖകളുണ്ട് താളിലയോലകളിൽ. 'വിവിധ ക്ഷേത്രങ്ങളുടെയും വ്യക്തികളുടെയും പക്കലുള്ള താളിയോലകൾ വായിച്ചെടുക്കുന്നതിനും പഴക്കം കണക്കാക്കുന്നതിനും ഇവിടെ സൗകര്യമുണ്ടാകും.ബ്രാഹ്മണിപ്പാട്ടിന്റെ ഗ്രന്ഥമാണ് ആദ്യമായി ഇവിടെ വായിച്ചെടുത്തത്. ഇതിന്റെ പകർപ്പ് എടുത്ത് സൂക്ഷിച്ചിട്ടുണ്ട്.