ജനങ്ങളെ കാണാൻ വിജയ്; കരൂർ ദുരന്തത്തിന് ശേഷമുള്ള ആദ്യ യോഗം നാളെ കാഞ്ചീപുരത്ത് നടക്കും

Saturday 22 November 2025 7:19 PM IST

ചെന്നെെ: നടനും തമിഴക വെട്രി കഴകം (ടിവികെ)​ അദ്ധ്യക്ഷനുമായ വിജയ് പൊതുജനങ്ങളെ കാണാൻ ഒരുങ്ങുന്നു. തമിഴ്‌നാട്ടിലെ ഓരോ ജില്ലകളിലെയും ജനങ്ങളെ ഉൾപ്പെടുത്തി ചെറിയ മിറ്റിംഗുകൾ നടത്താനാണ് ടിവികെ ലക്ഷ്യമിടുന്നത്. നാളെ കാഞ്ചീപുരം ജെപ്യർ ടെക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതിന്റെ ആദ്യ യോഗം നടക്കും. രാവിലെ 11 മണിക്കാണ് യോഗം നടക്കുന്നത്.

'ഓരോ ജില്ലയിലുമുള്ള 2,000 പേരെമാത്രം ഉൾപ്പെടുത്തി ചെറിയ മിറ്റിംഗുകൾ നടത്താനാണ് ഞങ്ങൾ പദ്ധതിയിടുന്നത്. പ്രത്യേക നടപടിക്രമങ്ങൾ പാലിച്ച് സുരക്ഷിതമായാണ് മിറ്റിംഗ് നടത്തുക'- ടിവികെ പ്രതിനിധി ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.

അതേസമയം, രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന റോഡ് ഷോകൾക്കുള്ള മാതൃകാ നടപടിക്രമം (എസ്.ഒ.പി) കരട് റിപ്പോർട്ട് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിൽ സമർപ്പിച്ചിട്ടുണ്ട്. കോടതി നിർദ്ദേശപ്രകാരമാണ് ഇത് തയ്യാറാക്കിയത്.

രാഷ്ട്രീയ പാർട്ടികളിൽ നിന്ന് അഭിപ്രായം തേടിയ ശേഷം നവംബർ 21നകം രേഖ സമർപ്പിക്കാൻ ഹൈക്കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചിരുന്നു. കരൂരിൽ വിജയ് നയിച്ച ടി.വി.കെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ ഒക്ടോബർ 27നാണ് ഇതു സംബന്ധിച്ച നിർദ്ദേശം കോടതി നൽകിയിരുന്നത്.

പകർപ്പ് ലഭിച്ചിട്ടില്ലെന്ന് ടി.വി.കെയും മറ്റു രാഷ്ട്രീയ പാർട്ടികളുംആരോപിച്ചു. അന്തിമറിപ്പോർട്ടല്ലെന്നും ഏകദേശം 20 അംഗീകൃത രാഷ്ട്രീയ പാർട്ടികളും 42 രജിസ്റ്റർ ചെയ്ത പാർട്ടികളും സംസ്ഥാനത്ത് ഉണ്ടെന്നും, ചട്ടങ്ങളിൽ പരാതിയുള്ള ഏതൊരു കക്ഷിക്കും എസ്.ഒ.പിയിൽ അഭിപ്രായമറിയിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. .