തിരുമ്മിയത് പൊലീസുകാരനെ, മാനംപോയത് കൊച്ചി പൊലീസിന്

Sunday 23 November 2025 12:29 AM IST

കൊച്ചി: നഗരത്തിലെ മസാജ് കേന്ദ്രത്തിൽ തിരുമ്മലിന് പോയ പൊലീസുകാരനിൽ നിന്ന് എസ്.ഐയുടെ നേതൃത്വത്തിൽ 4 ലക്ഷം രൂപ ‘തിരുമ്മി’യെടുത്ത സംഭവം പുറത്തായത് പൊലീസ് സേനയ്ക്ക് മൊത്തം നാണക്കേടായി. കൊച്ചിയിലും പരിസരത്തുമുള്ള സ്പാ സെന്ററുകളും ഏമാൻമാരും തമ്മിൽ ചില ബന്ധങ്ങളുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് സംഭവം.

*മസാജിന് പോയത് ക്യാമ്പിലെ പൊലീസുകാരൻ

മറൈൻഡ്രൈവിന് സമീപത്തെ ഡി.എച്ച്.ക്യു കൊച്ചി സിറ്റി എ.ആർ ക്യാമ്പിലെ 39 വയസുകാരനാണ് പാലാരിവട്ടം മെഡിക്കൽ സെന്ററിന് സമീപത്തെ ‘റോയൽ വെൽനെസ് സ്പായി’ൽ കഴിഞ്ഞ എട്ടിന് വൈകിട്ട് അഞ്ചിന് തിരുമ്മലിന് എത്തിയത്. പൊലീസുകാരനാണെന്ന കാര്യം പറഞ്ഞില്ലെങ്കിലും ഫോൺ നമ്പർ നൽകി. അടുത്തദിവസം രാവിലെ 10 ഓടെയാണ് പൊലീസുകാരന് ഉഴിച്ചിലുകാരി രമ്യയുടെ ഫോൺ വിളി എത്തിയത്. തിരുമ്മലിന് മുമ്പ് താൻ ഊരിവെച്ച സ്വർണമാല കാണാനില്ലെന്നും തിരികെ വേണമെന്നും അല്ലെങ്കിൽ ആറര ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ഡിമാൻഡ്.

‘ന്നാ താൻ പോയി കേസ് കൊട് ...’

മാല എടുത്തിട്ടില്ലെന്ന് പൊലീസുകാരൻ ആണയിട്ട് പറഞ്ഞിട്ടും ഫലമുണ്ടായില്ല. തുടർന്ന് സ്പാ നടത്തിപ്പുകാരനായ ഷിഹാം നിരന്തരം വിളി തുടങ്ങി. കേസ് കൊടുക്കുമെന്നായിരുന്നു ഭീഷണി. ‘പോയി കേസ് കൊടുക്കാൻ’ പൊലീസുകാരൻ പറഞ്ഞെങ്കിലും മസാജ് സംഘം വഴങ്ങിയില്ല. ഭാര്യയോടും ബന്ധുക്കളോടും പറഞ്ഞ് നാണം കെടുത്തുമെന്നായി അടുത്ത ഭീഷണി. ജീവനക്കാരി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടെങ്കിലും മാല എത്ര പവനെന്ന് സൂചിപ്പിച്ചില്ല. പൊലീസുകാരൻ സ്പായിൽ വരുന്നതും തിരിച്ചു പോകുന്നതുമായ സി.സി ടിവി ദൃശ്യങ്ങളും ഇവർ ഹാജരാക്കി. വിളിപ്പിച്ചെങ്കിലും യുവതി പിന്നീട് ഹാജരായില്ല.

*ഇടനിലക്കാരനായി എസ്.ഐ

ഇതിനിടെയാണ് പൊലീസുകാരൻ തന്റെ സുഹൃത്തായ പാലാരിവട്ടം സ്റ്റേഷനിലെ പൊലീസുകാരനെ സഹായാഭ്യർത്ഥനയുമായി സമീപിക്കുന്നത്. ഇയാൾ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.കെ. ബൈജുവിനെ വിവരം ധരിപ്പിച്ചു. ഭീഷണിപ്പെടുത്തിയ സ്പാ ജീവനക്കാരിയെയും ഷിഹാമിനെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം ഇരുവരെയും സഹായിക്കുന്ന സമീപനമായിരുന്നു എസ്.ഐയുടേത്. ആറര ലക്ഷത്തിന് പകരം നാല് ലക്ഷം രൂപ ജീവനക്കാരിക്ക് നൽകാനും മാനം രക്ഷിക്കാനും പൊലീസുകാരനോട് എസ്.ഐ ഉപദേശിച്ചു.

* പണം കൈമാറിയതിന് തെളിവില്ല

നാല് ലക്ഷം വാങ്ങിയത് എസ്.ഐയാണ്. രൂപ കൈമാറിയത് പണമായിട്ടും. ഇതിന് രേഖകളൊന്നുമില്ല. എസ്.ഐ ഇടപെട്ട് ഒത്തുതീർപ്പാക്കിയ കേസ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊങ്ങിയത്. വെള്ളിയാഴ്ച വൈകിട്ട് പൊലീസുകാരന്റെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. എസ്.ഐ ഒഴികെയുള്ള പ്രതികളെല്ലാം ഒളിവിലാണ്.