ചെളിക്കെട്ടായി തൊളിക്കുഴി മാർക്കറ്റ്
കിളിമാനൂർ: മഴക്കാലമായതോടെ ചെളിക്കെട്ടായി തൊളിക്കുഴി മാർക്കറ്റ്. പഴയകുന്നുമ്മേൽ പഞ്ചായത്തിൽ പുതിയകാവ് മാർക്കറ്റ് കഴിഞ്ഞാൽ പിന്നെയുള്ള ഏക മാർക്കറ്റാണ് തൊളിക്കുഴി മാർക്കറ്റ്. തിരുവനന്തപുരം - കൊല്ലം ജില്ലാ അതിർത്തികളിൽ സ്ഥിതിചെയ്യുന്ന ഈ മാർക്കറ്റ് ആഴ്ചയിൽ രണ്ടു ദിവസമാണ് പ്രവർത്തിക്കുന്നത്.
ഈട്ടിമൂട്, കുന്നിൽക്കട, വട്ടത്താമര, സമ്പ്രമം, മുക്കുന്നം, മിഷ്യൻകുന്ന്, ചെറുനാരകംകോട് തുടങ്ങി ഗ്രാമങ്ങളിലുള്ളവർ മുൻപ് ക്രയവിക്രയം നടത്തിയിരുന്ന ഇവിടെ ഇപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമാണ് എത്താറുള്ളത്. മാർക്കറ്റിനുള്ളിലെ കൂറ്റൻ ആലും അതിന് ചുവട്ടിലെ വിവിധ കച്ചവടക്കാരും എല്ലാം ഓർമ്മയായി അവശേഷിക്കുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ മാർക്കറ്റിൽ കൊണ്ടുവരാത്തതാണ് കച്ചവടക്കാർ അകന്നുപോകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
വികസനമില്ലാതെ
മാർക്കറ്റിനകത്ത് മീൻ കച്ചവടത്തിന് ഒരു സ്റ്റാൾ പണിതിട്ടുള്ളതല്ലാതെ യാതൊരു വികസന പ്രവർത്തനങ്ങളും ചെയ്തിട്ടില്ല. പണിത മീൻ സ്റ്റാൾ ആകട്ടെ അശാസ്ത്രീയമായി നിറമ്മിച്ചതിനാൽ അതിനകത്ത് കയറി ആളുകൾക്ക് മീൻ വാങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. സ്റ്റാളിനകത്തെ മലിനജലം മാർക്കറ്റിനകത്തേക്ക് ഒഴുകി ദുർഗന്ധവും വമിക്കുന്നു.
മഴയിൽ മാലിന്യവും
മറ്റു ചെറുകിട കച്ചവടക്കാർ മഴയിലും വെയിലിലും പുറത്തെ മൺതറയിൽ കച്ചവടം ചെയ്യണം. മഴ പെയ്തതോടെ ചെളിക്കെട്ട് മാത്രമല്ല, മാലിന്യം കൂടി ഇവിടേക്ക് ഒഴുകിയെത്തും. മാർക്കറ്റിന്റെ കാൽ ഭാഗത്തോളം കാടുകയറിയ അവസ്ഥയിലുമാണ്.