ഒറ്റൂർ ഇൻഡോർ സ്റ്റേഡിയത്തിൽ കായിക പരിശീലനത്തിന് തുടക്കമായി
കല്ലമ്പലം: ഒറ്റൂരിൽ നിർമ്മാണം പൂർത്തിയാക്കിയ വി.എസ്. അച്യുതാനന്ദൻ ഇൻഡോർ സ്റ്റേഡിയത്തിൽ കായിക പരിശീലനത്തിന് തുടക്കമായി. മുൻ ഇന്ത്യൻ വനിതാ വോളിബാൾ ടീം ക്യാപ്റ്റനും ലവൽവൺ കോച്ചുമായ അശ്വനി എസ്.കുമാറിന്റെ നേതൃത്വത്തിൽ സൗജന്യമായാണ് കായിക പരിശീലനം. കായിക വാസനയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി വിവിധ കായികയിനങ്ങളിലേക്ക് കുട്ടികളെ വാർത്തെടുക്കുകയാണ് ലക്ഷ്യം.
വോളിബാളിന് പ്രത്യേക പരിശീലനവും ഉണ്ടാകും. കബഡി,ഷട്ടിൽ,ബാഡ്മിന്റൺ,ബാസ്‌കറ്റ് ബാൾ എന്നീ കായികഇനങ്ങൾ പരിശീലിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും. വിവിധ കായികയിനങ്ങൾക്ക് അടിസ്ഥാന പരിശീലനമാണ് സ്റ്റേഡിയത്തിൽ നൽകുന്നത്. ഇപ്പോൾ അൻപതോളം കുട്ടികൾ പരിശീലനം നടത്തുന്നു. ഗ്രാമ പഞ്ചായത്തിലെ സ്പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തി ഇവിടെ കായിക പരിപാടികൾ സംഘടിപ്പിക്കാനും പഞ്ചായത്തിന് പരിപാടിയുണ്ട്. ക്രമേണ ഒരു സ്പോർട്‌സ് അക്കാഡമി സ്ഥാപിക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. വി.എസ്.അച്യുതാനന്ദന്റെ പേരിൽ സ്റ്റേഡിയം ഒക്ടോബർ 22-നാണ് ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിച്ചത്.ദേശീയ നിലവാരമുള്ള സ്റ്റേഡിയമാണ്.മുന്നൂറോളം പേർക്ക് ഇരിപ്പിടവും ആധുനിക രീതിയിലുള്ള പ്രകാശ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിനോടനുബന്ധിച്ച് ഡ്രസിംഗ് റൂം, ശൗചാലയം, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയുമുണ്ട്.