ബീമാപള്ളി ഉറൂസിന് കൊടിയേറി
ശംഖുംമുഖം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് വിശ്വാസികളുടെ പ്രാർത്ഥനാ മുഖരിതമായ തക്ബീർധ്വനികളുടെ അകമ്പടിയോടെ ബീമാപള്ളി ഉറൂസ് മഹാമഹത്തിന് ഇന്നലെ കൊടിയേറി. ജമാഅത്ത് പ്രസിഡന്റ് എസ്.അബ്ദുൾ ജബ്ബാറും വൈസ് പ്രസിഡന്റ് ഹലീൽ റഹ്മാനും പള്ളിയുടെ രണ്ട് മിനാരങ്ങളിലായി പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ ഇരുവർണ ഉറൂസ് പതാക ഉയർത്തിയതോടെയാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉറൂസ് മഹാമഹത്തിന് തുടക്കമായത്. രാവിലെ 8ന് ജവഹർ പള്ളി ഇമാം സിദ്ദിഖ് സഖാഫിയുടെ നേതൃത്വത്തിൽ നടന്ന പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം പള്ളിയങ്കണത്തിൽ നിന്ന് അശ്വരൂഡ സേനയുടെ അകമ്പടിയോടെ പുറപ്പെട്ട പട്ടണപ്രദക്ഷിണം ബീമാപള്ളി,ജോനക പൂന്തുറ,മാണിക്യവിളാകം,ബദരിയാ നഗർവഴി 10.30ഓടെ ബീമാപള്ളിയിൽ തിരിച്ചെത്തി.
തുടർന്ന് ബീമാപള്ളി ചീഫ് ഇമാം കുമ്മനം നിസാമുദ്ദീൻ അസ്ഹരിയുടെ നേതൃത്വത്തിൽ ദർഗാ ഷെരീഫിനുള്ളിൽ സർവമത സാഹോദര്യത്തിനും രാജ്യത്തിന്റെ ഐക്യത്തിനും രോഗശാന്തിക്കുമായി പ്രത്യേക പ്രാർത്ഥന നടന്നു. പ്രാർത്ഥനയ്ക്കു ശേഷം ദുബായിൽ നിന്നെത്തിച്ച പ്രത്യേക ഉറൂസ് പതാക ദർഗാ ഷെരീഖിൽ നിന്നെടുത്ത് കൊടിയേറ്റിന് നൽകി.
മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ കെ.മുരളീധരൻ,വി.എസ്.ശിവകുമാർ,സുരേന്ദ്രൻപിളള, എം.എൽ.എമാരായ എം.വിൻസെന്റ്, ആന്റണിരാജു,നഗരസഭ സ്ഥാനാർത്ഥി കെ.എസ്.ശബരീനാഥൻ, മുസ്ളീംലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജമാഅത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.