ഓപ്പറേഷൻ ബ്ളാക്ക് ബോർഡ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ പരിശോധനയിൽ കൈക്കൂലി ഇടപാടും വ്യാജ പ്രവേശനവും ഭിന്നശേഷി നിയമനത്തട്ടിപ്പും ഉൾപ്പെടെ വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ഏഴ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും ഏഴ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലുമായിരുന്നു, ഓപ്പറേഷൻ ബ്ളാക്ക് ബോർഡ് എന്ന പേരിൽ പരിശോധന.
ചില ഓഫീസുകളിൽ നിന്ന് കണക്കിൽപ്പെടാത്ത പണവും പിടിച്ചെടുത്തു. വിരമിച്ച ഉദ്യോഗസ്ഥർ സർവീസ് കൺസൽട്ടന്റ് എന്ന പേരിൽ അഴിമതിയുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തി. എയ്‌ഡഡ് സ്‌കൂൾ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനായി ഓൺലൈനായിപ്പോലും കൈക്കൂലി കൈപ്പറ്റിയതായാണ് പരിശോധനയിൽ തെളിവ് സഹിതം കണ്ടെത്തിയിരിക്കുന്നത്.
പൊതുജനങ്ങൾക്ക് നേരിട്ട് ബന്ധപ്പെടേണ്ടതില്ലാത്തതിനാൽ ഇവിടെ നടക്കുന്ന അഴിമതിയെപ്പറ്റി സമൂഹത്തിന് വലിയ പിടിയില്ല. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ന്യായമായ അവകാശങ്ങൾ പോലും പണം നൽകാതെ ലഭിക്കില്ലെന്നാണ് അദ്ധ്യാപക രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. പണം കൊടുക്കുന്നവർ പരാതി നൽകാൻ മുതിരാത്തതിനാൽ ചില ഉദ്യോഗസ്ഥർ സ്വന്തം ജോലി ചെയ്യുന്നതിന് സർക്കാരിൽ നിന്ന് ശമ്പളവും ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നവരിൽനിന്ന് കിമ്പളവും ഒരേ സമയം വാങ്ങിച്ചുവരികയായിരുന്നു. തെളിവ് സഹിതം പിടിക്കപ്പെടുന്ന ഇത്തരം ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നു തെളിഞ്ഞാൽ അവരെ പിരിച്ചുവിടുകയാണ് ചെയ്യേണ്ടത്. തിരുവനന്തപുരം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിലെ സ്‌കൂളിൽ ഭിന്നശേഷി സംവരണം പാലിക്കാതെ 11 അദ്ധ്യാപകരെ നിയമിച്ചതായും കണ്ടെത്തി. എയ്‌ഡഡ് മേഖലയിലെ അദ്ധ്യാപക/ അനദ്ധ്യാപകരുടെ സർവീസ് ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനാണ് ചില ഓഫീസിലെ ഉദ്യോഗസ്ഥർ ഗൂഗിൾ പേ മുഖാന്തിരം കൈക്കൂലി കൈപ്പറ്റിയിരുന്നത്.
കുട്ടനാട് വിദ്യാഭ്യാസ ഓഫീസിൽ എയ്‌ഡഡ് നിയമനാംഗീകാരവുമായി ബന്ധപ്പെട്ട സെക്ഷനിലെ സീനിയർ ക്ളാർക്കിന്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് രണ്ട് എയ്ഡഡ് സ്‌കൂളുകളിലെ ക്ളാർക്കുമാർ 77,500 രൂപ നൽകിയതായാണ് കണ്ടെത്തിയത്. ആലപ്പുഴ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥന്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് 1,40,000 രൂപ ലഭിച്ചതിന് വ്യക്തമായ വിശദീകരണം നൽകാൻ സാധിച്ചിട്ടില്ല. കണ്ണൂർ തളിപ്പറമ്പ് വിദ്യാഭ്യാസ ഓഫീസിനു കീഴിലെ എയ്‌ഡഡ് സ്‌കൂളിൽ അദ്ധ്യാപക തസ്തിക നിലനിറുത്തുന്നതിന് സ്‌കൂളിൽ പഠിക്കാത്ത മൂന്നു കുട്ടികളെ അഡ്‌മിഷൻ എടുത്തതായി കാണിച്ച് അറ്റൻഡൻസ് അനുവദിച്ചതായും ഇതിൽ ഒരു കുട്ടി കേന്ദ്രീകൃത വിദ്യാലയത്തിൽ പഠിക്കുകയാണെന്നും കണ്ടെത്തി. തലശ്ശേരി വിദ്യാഭ്യാസ ഓഫീസിനു കീഴിലെ എയ്‌ഡഡ് സ്‌കൂളിൽ അദ്ധ്യാപക തസ്തിക നിലനിറുത്തുന്നതിന് ഒരു ക്ളാസിൽ 28 കുട്ടികൾ പഠിക്കുന്നതായി കാണിച്ച് അറ്റൻഡൻസ് അനുവദിച്ചതായും, സ്‌കൂളിൽ നേരിട്ട് നടത്തിയ പരിശോധനയിൽ ഈ ക്ളാസിൽ ഒൻപത് കുട്ടികൾ മാത്രമാണുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിൽ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഏർപ്പാടുകളാണ് ഇതെല്ലാം. മുകളിൽ ഇരിക്കുന്നവർ പോലും ഇക്കാര്യങ്ങളൊന്നും കൃത്യമായി അറിയണമെന്നില്ല. വിജിലൻസ് മിന്നൽ പരിശോധന നടത്തിയില്ലായിരുന്നെങ്കിൽ ഇതൊന്നും പുറത്തുവരികയുമില്ലായിരുന്നു. വിജിലൻസ് നടത്തിയ പരിശോധനയിൽ കുറ്റക്കാരായി കണ്ടെത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി ഉണ്ടാകുമെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന, വിഷയം വളരെ ഗൗരവത്തോടെ സർക്കാർ വീക്ഷിക്കുന്നു എന്നത് വ്യക്തമാക്കുന്നു.
കൃത്യമായ ഇടവേളകളിൽ വിജിലൻസ് ഇത്തരം പരിശോധനകൾ തുടരണം. വിജിലൻസിന്റെ നോട്ടം സ്ഥിരമായി പതിയുന്നുണ്ടെന്നു കണ്ടാൽ അഴിമതിക്കാർ പുതിയ മാർഗങ്ങൾ അവലംബിക്കും. അതുകൂടി കണ്ടെത്തി തടയുന്നതിനുള്ള മാർഗം വിജിലൻസും തേടണം. ഇടനിലക്കാരായി പ്രവർത്തിച്ചെന്ന് കണ്ടെത്തുന്ന റിട്ടയേർഡ് ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പെടെ തടയപ്പെടുമെന്നു വന്നാലേ അവർ പത്തിമടക്കുകയുള്ളൂ.