കണ്ണമ്മൂലയിലെ സ്വതന്ത്ര സ്ഥാനാർത്ഥിക്കും വഞ്ചിയൂരിലെ യു.ഡി.എഫ് ചെയർമാനും മർദ്ദനം

Sunday 23 November 2025 1:55 AM IST

 മർദ്ദിച്ചത് സി.പി.എം നേതാവും സംഘവുമെന്ന് പരാതി

തിരുവനന്തപുരം: നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കെത്തിയ കണ്ണമ്മൂല വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയെയും വഞ്ചിയൂരിലെ യു.ഡി.എഫ് ചെയർമാനെയും പ്രസ് ക്ലബ് സെക്രട്ടറിയെയും സി.പി.എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. പി.എം.ജി തൊഴിൽ ഭവനിൽ ജില്ലാ ലേബർ ഓഫീസർ നടത്തിയ സൂക്ഷ്മപരിശോധനയ്‌ക്കിടെ ഇന്നലെ ഉച്ചയ്‌ക്ക് 12ഓടെയാണ് സംഭവം. റിട്ടേണിംഗ് ഓഫീസറുടെ മുറിയുടെ മുന്നിലിട്ടായിരുന്നു മർദ്ദിച്ചത്. കണ്ണമ്മൂല വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി എം.രാധാകൃഷ്ണൻ, ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ.വിമൽ ജോസ്,പ്രസ് ക്ലബ് സെക്രട്ടറി പി.ആർ.പ്രവീൺ, വഞ്ചിയൂർ വാർഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.കെ.നിസാർ എന്നിവർക്കാണ് മർദ്ദനമേറ്റത്.

സംഭവത്തിൽ സി.പി.എം നേതാവും വഞ്ചിയൂർ വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ ശങ്കരൻകുട്ടി നായർ (വഞ്ചിയൂർ ബാബു),പാളയം ഏരിയാ കമ്മിറ്റി അംഗം ഷാഹിൻ,അജിത് പ്രസാദ് എന്നിവർക്കെതിരെ റിട്ടേണിംഗ് ഓഫീസർക്കും മ്യൂസിയം പൊലീസിലും പരാതി നൽകി.

രാധാകൃഷ്ണനെയും പ്രവീണിനെയും മുതുകിൽ ഇടിക്കുകയും ചവിട്ടുകയും തലയിൽ അടിക്കുകയും ചെയ്തു. രാധാകൃഷ്ണന്റെ പോക്കറ്റിലുണ്ടായിരുന്ന 4,000 രൂപയും പ്രവീണിന്റെ മൊബൈൽ ഫോണും നഷ്ടപ്പെട്ടു. ഈ സംഭവത്തിനു ശേഷമാണ് സ്ഥലത്തുണ്ടായിരുന്ന എ.കെ.നിസാറിന് മർദ്ദനമേറ്റത്. വഞ്ചിയൂർ ബാബുവിനെതിരെ സ്ഥാനാർത്ഥിയെ നിറുത്തുമോ എന്നു ചോദിച്ചാണ് മർദ്ദിച്ചതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ഗിരീഷ് കുമാർ പറഞ്ഞു.

വഞ്ചിയൂർ,കണ്ണമ്മൂല വാർഡുകളിൽ സി.പി.എം തോൽക്കുമെന്നും വഞ്ചിയൂർ ബാബുവും മകളും മാറി മാറി മത്സരിക്കുകയാണെന്നും ഓൺലൈൻ മാദ്ധ്യമത്തിൽ വാർത്ത വന്നതിന്റെ ഉത്തരവാദിത്വം ആരോപിച്ചായിരുന്നു പ്രവീണിനെ മർദ്ദിച്ചത്. പിടിച്ചുമാറ്റാനെത്തിയപ്പോഴാണ് രാധാകൃഷ്ണനെയും വിമൽ ജോസിനെയും മർദ്ദിച്ചത്. തിരികെ പോകുമ്പോഴാണ് എ.കെ.നിസാറിനുനേരെ ആക്രമണമുണ്ടായത്.

പ്രവീണിനെ മർദ്ദിച്ചവർക്കെതിരേ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എസ്.ശ്രീകേഷും സെക്രട്ടറി പി.ആർ.പ്രവീണും സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിനെതിരെ നടക്കുന്ന കടന്നുകയറ്റം അനുവദിക്കാനാവില്ലെന്നും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും ആവശ്യപ്പെട്ടു.

പരാജയഭീതിയിൽ സി.പി.എം നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് വഞ്ചിയൂർ ഇലക്ഷൻ കമ്മിറ്റി കൺവീനർ എൻ.വി.ഫിലിപ്പ് വ്യക്തമാക്കി.