അണിയറയിൽ തിരക്കിട്ട നീക്കങ്ങൾ പിൻവലിക്കാനും ഉറപ്പിക്കാനും
തൊടുപുഴ: നാളെയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. വിവിധ മുന്നണികളിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വിജയസാദ്ധ്യത വർദ്ധിപ്പിക്കണമെങ്കിൽ വിമതശല്യം ഒഴിവാക്കിയേതീരൂ. ഇനിയുള്ള പ്രധാന ജോലി അത്തരക്കാരെക്കൊണ്ട് പത്രിക പിൻവലിപ്പിക്കുക എന്നതാണ്. വിവിധ വാർഡുകളിൽ മൂന്ന് മുന്നണികളിലും വിമത ശല്യമുണ്ട്. മത്സരിക്കാൻ സീറ്റുകിട്ടാത്ത കോൺഗ്രസുകാർ പലരെയും റിബലായി നിറുത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഇവരെക്കൊണ്ട് പത്രിക പിൻവലിപ്പിക്കാൻ കോൺഗ്രസിന്റെ സംസ്ഥാനതല നേതാക്കൾ ഉൾപ്പടെയുള്ളവർ ഇടപെടുന്നുണ്ട്. പത്രിക പിൻവലിക്കാതെ മത്സരവുമായി മുന്നോട്ട് പോകുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എൻ.ഡി.എയിലും എൽ.ഡി.എഫിലും വിമത പ്രശ്നങ്ങൾ പകുതിയും പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നാണ് അറിവ്.
സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് നാളെ ഉച്ചകഴിഞ്ഞ് മൂന്ന് വരെ വരണാധികാരിക്ക് നൽകാം. സ്ഥാനാർത്ഥിക്കോ നാമനിർദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയ്യാറാക്കിയ നോട്ടീസ് നൽകാം. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാ ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.