രാമക്ഷേത്ര നിർമ്മാണം പൂർത്തിയായി,​ ധ്വജാരോഹണം 25ന് ,​ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ക്ഷേത്ര ട്രസ്റ്റ്

Saturday 22 November 2025 11:12 PM IST

അയോദ്ധ്യ: രാമജന്മ ഭൂമിയായ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായി. രാമക്ഷേത്രത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. 10വംബർ 25ന് ധ്വജാരോഹണ ചടങ്ങ് വിപുലമായി ആഘോഷിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന് മുകളിൽ ധർമ്മ പതാക ഉയർത്തും. സന്യാസിമാർ,​ വിശിഷ്ട വ്യക്തികൾ,​ ആയിരക്കണക്കിന് ഭക്തർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ത്രികോണാകൃതിയിലുള്ള കാവി നിറത്തിലുള്ള പതാകയാണ് ക്ഷേത്രത്തിലുയർത്തുക. പതാകയുടെ മദ്ധ്യത്തിലായി ഓം എന്ന ചിഹ്നവുമുണ്ടാകും. ചടങ്ങിൽ അയോദ്ധ്യ,​ കാശി,​ ദക്ഷിണേന്ത്യ എന്നിവിടങ്ങളിൽ നിന്നായി 108 ആചാര്യൻമാർ പങ്കെടുക്കും. രാമക്ഷേത്രത്തിന്റെ 191 അടി ഉയരത്തിലുള്ള ഗോപുരത്തിലാണ് പതാക ഉയർത്തുക.

2020 ആഗസറ്റ് അഞ്ചിനാണ് ക്ഷേത്രത്തിന്റെ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചത്. 2024 ജനുവരിയിൽ നടന്ന ബൃഹത്തായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാമവിഗ്രഹം പ്രതിഷ്ഠിച്ചു. രാമക്ഷേത്രത്തിനും അനുബന്ധ വികസനത്തിനുമായി ഇതുവരെ 2150 കോടി രൂപയിലധികം ചെലവഴിച്ചിരുന്നു. 2025 ജനുവരിമുതൽ ജൂൺ വരെ 23 കോടി വിനോദ സഞ്ചാരികളാണ് അയോദ്ധ്യയിലെത്തിയത്. ഡിസംബറോടെ ഇത് 50 കോടി കവിയുമെന്നാണ് ഉത്തർപ്രദേശ് സർക്കാർ പ്രതീക്ഷിക്കുന്നത്.