എന്യുമറേഷൻ ഫോം മുഴുവൻ പൂരിപ്പിച്ചില്ലെങ്കിലും ഒഴിവാക്കില്ല
തിരുവനന്തപുരം: എന്യുമറേഷൻ ഫോം പൂർണമായി പൂരിപ്പിക്കാത്തതിന്റെ പേരിൽ ആരേയും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ പറഞ്ഞു. എന്യുമറേഷൻ ഫോമിൽ ആദ്യഭാഗം മാത്രം പൂരിപ്പിച്ച് ഒപ്പിട്ടവരേയും ഡിസംബർ ഒമ്പതിനിറക്കുന്ന കരട് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും.
ഫോം വിതരണം ഏതാണ്ട് പൂർത്തിയായി. പൂരിപ്പിച്ച് വാങ്ങുന്നവ ഡിജിറ്റൈസ് ചെയ്യുന്ന നടപടികളും തുടരുകയാണ്. സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള (എസ്.ഐ.ആർ) രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ജോലികൾ ചെയ്യുന്ന ബി.എൽ.ഒമാരെ സമ്മർദ്ദത്തിലാക്കില്ല. ഉദ്യോഗസ്ഥർക്ക് പരിശീലനത്തിൽ കുറവുണ്ടെങ്കിൽ പരിഹരിക്കും. പ്രവാസി വോട്ടർമാരുടെ ആശങ്ക മാറ്റാൻ നോർക്കയുടെ യോഗം വിളിക്കും.
പൗരത്വനിയമം അടിച്ചേൽപ്പിക്കുന്നു
പൗരത്വനിയമം രഹസ്യമായി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് എസ്.ഐ.ആറിലൂടെ നടത്തുന്നതെന്ന് മുസ്ളീം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. ഷാ പറഞ്ഞു. പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ നേരിട്ട് യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്യുമറേഷൻ ഫോമിൽ ബന്ധുവിന്റെ സ്ഥാനത്ത് സഹോദരങ്ങളെ ഉൾപ്പെടുത്താത്തത് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് സി.പി.എം നേതാവ് എം. വിജയകുമാർ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി എസ്.ഐ.ആറിനെ അട്ടിമറിക്കാനാണ് ചില രാഷ്ട്രീയപ്രസ്ഥാനങ്ങൾ ശ്രമിക്കുന്നതെന്ന് ബി.ജെ.പി വക്താവ് ജെ.ആർ. പത്മകുമാർ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പ് സമയത്തെ എസ്.ഐ.ആർ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നും കൂടുതൽ സാവകാശം നൽകാത്തത് ദുരൂഹമാണെന്നും യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പ്രതിനിധികൾ കുറ്റപ്പെടുത്തി.