സി.ബി.എൽ ടീമിന്റെ ബസിൽ ലോറിയിടിച്ചു, തുഴകൾ നശിച്ചു
Saturday 22 November 2025 11:43 PM IST
ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗിലെ (സി.ബി.എൽ) കായംകുളം വള്ളംകളിക്കായി തുഴച്ചിൽക്കാരുമായി പുറപ്പെട്ട ബസിന് പിന്നിൽ ലോറിയിടിച്ച് 20 പനത്തുഴകൾ തകർന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിലെ തുഴച്ചിൽക്കാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ 11ന് ദേശീയപാതയിൽ തോട്ടപ്പള്ളയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസിലെ ഡിക്കിയിൽ സൂക്ഷിച്ച 20 തുഴകൾ നശിക്കുകയായിരുന്നു. ലോറിയുടെ മുൻവശത്തെ ഗ്ലാസും തകർന്നു. പള്ളാത്തുരുത്തിയിൽ നിന്ന് രണ്ട് ബസുകളിലായിട്ടാണ് സംഘം കായംകുളത്തേക്ക് യാത്രതിരിച്ചത്. പകരം തുഴയെത്തിച്ചാണ് ടീം സി.ബി.എൽ പോരിനിറങ്ങിയത്. തുഴച്ചിൽക്കാർക്ക് ആർക്കും പരിക്കേറ്റില്ല.