അയൽരാജ്യവുമായുള്ള ശത്രുത ആകാശത്ത് മാത്രം, ദുബായ് എയർ ഷോ അപകടത്തിൽ അനുശോചനം അറിയിച്ച് പാകിസ്ഥാൻ
ഇസ്ലാമാബാദ് : ദുബായ് എയർഷോയ്ക്കിടെയുണ്ടായ അപകടത്തിൽ മരിച്ച ഇന്ത്യൻ പൈലറ്റിന് അനുശോചനം അറിയിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അയൽ രാജ്യവുമായുള്ള യുദ്ധം ആകാശത്ത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസ പ്രകടനത്തിനിടെയാണ് വെള്ളിയാഴ്ച ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വിംഗ് കമാൻഡർ നമാംശ് സ്യാൽ മരിച്ചത്.
'ദുബായ് എയർ ഷോ 2025നിടെ തകർന്ന് വീണ ഇന്ത്യൻ വ്യോമസേനയുടെ എച്ച്.എ.എ.എൽ എൽ.സി.എ തേജസ് വിമാനത്തിന്റെ പൈലറ്റിന്റെ കുടുംബത്തിനും ഇന്ത്യൻ വ്യോമസേനയ്ക്കും മുഴുവൻ രാജ്യത്തിന്റെയും പേരിൽ പാകിസ്ഥാൻ സ്ട്രാറ്റജിക് ഫോറം ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു,' ആസിഫ് എക്സിൽ കുറിച്ചു.
തന്ത്രപരവും സൈനികവുമായ ഉൾക്കാഴ്ചകൾ നൽകുന്നതിനുള്ള പാകിസ്ഥാന്റെയും സഖ്യകക്ഷികളുടെയും കമ്മിറ്റികളിൽ നിന്നുള്ള പ്രതിരോധ വിശകലന വിദഗ്ധരുടെ ഏജൻസിയാണ് പാകിസ്ഥാൻ സ്ട്രാറ്റജിക് ഫോറം.
ഫോറത്തിന്റെ സന്ദേശം പങ്കുവെച്ച മന്ത്രി, 'നിർഭാഗ്യവശാൽ പൈലറ്റിന് വിമാനത്തിൽ നിന്ന് പുറത്തു കടക്കാൻ കഴിഞ്ഞില്ല. അപകടത്തെ അതിജീവിക്കാാനുമായില്ല, 'ഞങ്ങളുടെ ശത്രുത ആകാശത്ത് മാത്രമാണ്, ഖുർആനിന്റെയും സുന്നത്തിന്റെയും തത്വങ്ങൾ അനുസരിച്ച് ഞങ്ങൾ ഒരു ദൗർഭാഗ്യകരമായ സംഭവവും ആഘോഷിക്കുന്നില്ല,' അദ്ദേഹം പറഞ്ഞു, ആകാശങ്ങൾക്കപ്പുറത്തേക്ക് ആദരാഞ്ജലികൾ, ധീരഹൃദയം എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഈ വർഷം മേയ് മാസത്തിലെ സംഘർഷത്തെത്തുടർന്ന് ഇന്ത്യ- പാകിസ്ഥാൻ ബന്ധംവഷളായ സാഹചര്യത്തിലാണ് ആസിഫിന്റെ സന്ദേശം എന്നതാണ് ശ്രദ്ധേയം.
പാകിസ്ഥാൻ സ്ട്രാറ്റജിക് ഫോറവും തങ്ങളുടെ എക്സ് പോസ്റ്റിൽ അനുശോചനം രേഖപ്പെടുത്തി. 'ദുബായ് എയർ ഷോയിൽ ഉണ്ടായ അപകടത്തിൽ വിംഗ് കമാൻഡർ നമാംശ് സ്യാലിന്റെ ദാരുണമായ നഷ്ടത്തിൽ ഞങ്ങൾ ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. ഒരു വൈമാനികന്റെ വിയോഗം അതിർത്തികൾക്കപ്പുറവും ശത്രുതയ്ക്കപ്പുറവും മുഴുവൻ എയ്‌റോസ്‌പേസ് സമൂഹത്തിനും ഒരു നഷ്ടമാണ്. 'ഞങ്ങളുടെ ശത്രുത ആകാശത്തിന് മാത്രമാണ്, എയർ ഷോകളിലല്ല, പൊതുവായ അടിസ്ഥാനത്തിൽ ഒരുമിച്ച് നിൽക്കുന്നു, പറക്കാനുള്ള അഭിനിവേശത്താലും പരിധികൾ മറികടക്കാൻ ധൈര്യപ്പെടുന്നവരോടുള്ള ബഹുമാനത്താലും ഐക്യപ്പെടുന്നു, ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ സ്‌ക്വാഡ്രണിനുമൊപ്പം ഞങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടെന്നും അവർ കുറിച്ചു.