ഗുരുവായൂർ കേശവന്റെ പ്രതിമയുടെ സമർപ്പണം ഇന്ന്
Sunday 23 November 2025 12:00 AM IST
ഗുരുവായൂർ: ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമയുടെ സമർപ്പണം ഇന്ന് നടക്കും. സമർപ്പണം രാവിലെ 9.30 ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവഹിക്കും. കേശവന്റെ അതേ ആകാരത്തിലും അഴകിലുമാണ് ശില്പം പൂർത്തീകരിച്ചിട്ടുള്ളതെന്ന് ശില്പി എളവള്ളി നന്ദൻ അറിയിച്ചു. 378 സെന്റീമീറ്റർ ഉയരമുണ്ട്. മമ്മിയൂർ കൃഷ്ണാമൃതത്തിൽ മണികണ്ഠൻ നായർ എന്ന ഭക്തനാണ് 10 ലക്ഷത്തോളം രൂപ ചെലവിട്ട് വഴിപാടായി പ്രതിമയുടെ പ്രവൃത്തി സമർപ്പിച്ചത്. വിനീത് കണ്ണൻ, രാജേഷ് സൗപർണിക, അരുൺ പാന്തറ, ശ്രീരാഗ് ചങ്ങരംകുളം, ഉണ്ണി അഖിലാണം, നവ്യാ നന്ദകുമാർ എന്നിവരും ശില്പം നിർമ്മാണത്തിലുണ്ടായിരുന്നു. നേരത്തെ മാറ്റിപ്പണിത ശില്പം ഗുരുവായൂർ കേശവന്റെ രൂപവുമായി സാമ്യമില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. തുടർന്നാണ് ശില്പം മാറ്റിപ്പണിയാൻ ദേവസ്വം തീരുമാനിച്ചത്.