പ്രായമായവരെ മറക്കരുതേ... പ്രകടന പത്രികയിൽ

Saturday 22 November 2025 11:53 PM IST

ആലപ്പുഴ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പ്രകടനപത്രികയിൽ വയോജനക്ഷേമം ഉറപ്പുവരുത്തുന്ന നിർദ്ദേശങ്ങൾ വേണമെന്ന ആവശ്യം ശക്തമാകുന്നു. മുതിർന്നവരുടെ ജനസംഖ്യ കൂടിക്കൊണ്ടിരിക്കുന്നതിനാൽ 2021മുതൽ 2030വരെയുള്ള കാലയളവിനെ ആരോഗ്യകരമായ വാർദ്ധക്യത്തിന്റെ ദശകമായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ജനന, മരണ നിരക്കുകൾ കുറയുകയും യുവാക്കൾ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുകയും ചെയ്യുന്നതിനാൽ സമീപഭാവിയിൽ കേരളം വൃദ്ധസദനങ്ങളുടെ ഹബ്ബായി മാറാനി​ടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഷികപദ്ധതിയിൽ അഞ്ച് ശതമാനം തുക വയോജനക്ഷേമത്തിനായി നിലവിൽ വകയിരുത്തുന്നുണ്ടെങ്കിലും ഇതിൽ നാമമാത്ര തുക ചെലവഴി​ച്ചതിനു ശേഷം ബാക്കി വകമാറ്റുന്നത് അവസാനിപ്പിക്കണമെന്നും വയോജനക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ ആവശ്യപ്പെടുന്നു.

മുതിർന്നവരുടെ ജനസംഖ്യ വർദ്ധിച്ച സാഹചര്യത്തിൽ വയോജനങ്ങൾക്കായി നീക്കിവയ്ക്കുന്ന തുക പദ്ധതിത്തുകയുടെ 15ശതമാനമായി​ വർദ്ധിപ്പിക്കണമെന്നും ആവശ്യം ഉയരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ ആലപ്പുഴ കേന്ദ്രീകരിച്ച് ആരംഭിക്കുകയും കേരളത്തിലുടനീളം സ്വീകാര്യത ലഭിക്കുകയും ചെയ്ത ടോക്കിംഗ് പാർലറുകൾ തദ്ദേശീയമായി നടപ്പാക്കുന്നതും വയോജനങ്ങൾക്ക് ആശ്വാസമാകും. പൊതുവിടങ്ങൾ വയോജനസൗഹൃദമാക്കേണ്ടതുണ്ട്. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരമുള്ള പബ്ലിക് ടോയ്‌ലെറ്റുകൾ പ്രവർത്തന സജ്ജമാക്കണം. ഒറ്റപ്പെട്ട വയോജനങ്ങൾക്ക് സേവനത്തിനായി സംവിധാനം, ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സേവനം, വയോജന പരിപാലനത്തിനും വയോജനങ്ങളുട‌െ സുരക്ഷയ്ക്കും വാർഡുതല ജാഗ്രതാ സമിതികൾ, ഓരോ പഞ്ചായത്തിലും പകൽവീടിനായി ബഡ്ജറ്റിൽ തുക വകയിരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെടുന്നു

വയോജനങ്ങളുടെ എണ്ണം കൂടുന്നു

 കേരളത്തിലെ ജനസംഖ്യയിൽ പത്തിൽ ഒരാൾ 75വയസ് കഴിഞ്ഞയാൾ

 60 വയസ്സുകഴിഞ്ഞ 53.8ശതമാനം സ്ത്രീകളും വിധവകളാണ്  മുതിർന്ന പൗരന്മാരിൽ 25 ശതമാനത്തിനും മറ്റു വരുമാനങ്ങൾ ഇല്ല

 50ശതമാനത്തിലധികം പേർക്കും പ്രമേഹം, രക്തസമ്മർദ്ദം, വാതം, ആസ്ത്മ

 പ്രായമായവരിൽ രോഗപ്രതിരോധശേഷി കുറയുന്നതിനാൽ രോഗം തടയാൻ വാക്സിനേഷൻ നടപ്പാക്കണം

മുന്നണികൾ അവരുടെ പ്രകടനപത്രികകളിൽ ഈ കാര്യങ്ങൾ ഉൾക്കൊള്ളിക്കണം. ജയിച്ചുവരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കെല്ലാം ഇവ ആവശ്യപ്പെട്ട് കത്തുകൾ അയക്കും

-ചന്ദ്രദാസ് കേശവപിള്ള

ടോക്കിംഗ് പാർലർ സംസ്ഥാന കോർഡിനേറ്റർ