വോട്ടിനായി ഓടുമ്പോൾ ശ്രദ്ധിക്കണം ആരോഗ്യം

Sunday 23 November 2025 12:02 AM IST

ആലപ്പുഴ: രാപകലില്ലാതെ വോട്ടിനായുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. കൈയും മെയ്യും മറന്നുള്ള ഈ പാച്ചിലിനിടയിൽ ആരോഗ്യകാര്യങ്ങൾ മറക്കരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പദ്മകുമാർ. ആരോഗ്യത്തോടെ മത്സരിച്ച് ജയം ഉറപ്പാക്കാൻ ഭക്ഷണത്തിലും ദിനചര്യയിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രാവിലെ നേരത്തേ വീട്ടിൽ നിന്നിറങ്ങുമെങ്കിലും വയറുനിറച്ച് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ മറക്കരുതെന്നതാണ് ആദ്യകാര്യം. വൈകുന്നേരം വരെപിടിച്ചുനിൽക്കാൻ സമൃദ്ധമായ ബ്രേക്ക്‌ ഫാസ്റ്റ് ഉപകരിക്കും. ഒപ്പം എന്തെങ്കിലും പഴങ്ങളും കഴിക്കണം.ഇടനേരങ്ങളിൽ വറസാധനങ്ങളും ചെറുകടികളും ഒഴിവാക്കണം. പഴങ്ങളോ ആവിയിൽ പുഴുങ്ങിയ പലഹാരങ്ങളോ ആകാം. സ്ഥാനാർത്ഥിക്കുപ്പായം ഇടുമ്പോൾ തന്നെ ഷുഗറും പ്രഷറും മറ്റ് അടിസ്ഥാന പരിശോധനകളും നടത്തണം. മരുന്നുകളിൽ വരുത്തേണ്ട മാറ്റങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരം നടത്തണം.

ഉറക്കം കളയരുത്

 പത്തു ഗ്ലാസ് വെള്ളമെങ്കിലും പലനേരമായി കുടിക്കണം. ശുദ്ധജലം മതി. കോളയും സോഫ്റ്റ്‌ ഡ്രിങ്ക്സും വേണ്ട  ഉച്ച ഭക്ഷണം രണ്ട് മണിക്ക് മുമ്പായി കഴിക്കണം. ചോറ് കുറച്ചു മതി. 10 മിനിട്ടൊന്ന് മയങ്ങാൻ പറ്റിയാൽ നന്ന്  അത്താഴം ഹെവി ആകരുത്. ലഘു ഭക്ഷണം മതി. രാത്രിയിലും എന്തെങ്കിലും പഴങ്ങൾ കഴിക്കാം  രാത്രിയിൽ ഉറക്കം കളയരുത് . ആറു മണിക്കൂറെങ്കിലും സുഖമായി ഉറങ്ങണം  പനി, ജലദോഷം ഉള്ളവരുമായി അടുത്തിടപഴകരുത്. ആശുപത്രി സന്ദർശനങ്ങളും ഒഴിവാക്കിയാൽ നന്ന്

സ്മാർട്ട്‌ ആണെന്ന് കാണിക്കാൻ വേലിയും വരമ്പും കൈത്തോടുമൊന്നും ചാടി കടക്കാൻ നോക്കേണ്ട. മുറിവുകൾ ഉണ്ടാകാതെയും ശ്രദ്ധിക്കണം

- ഡോ.ബി.പത്മകുമാർ, പ്രിൻസിപ്പൽ, ആലപ്പുഴ മെഡി.കോളേജ്