കായംകുളം ജലോത്സവത്തിൽ വീയപുരം ചുണ്ടൻ ചാമ്പ്യൻ
കായംകുളം: ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ കായംകുളം ജലോത്സവത്തിൽ വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ ( (5:04:145 മിനിറ്റ്))ജേതാക്കളായി. ഇമ്മാനുവൽ ബോട്ട് ക്ലബ് തുഴഞ്ഞ നടുവിലേപറമ്പൻ രണ്ടാം സ്ഥാനവും (5:05:838 മിനിറ്റ്) നിരണം ബോട്ട് ക്ളബിന്റെ
നിരണം ചുണ്ടൻ (5:06:359 മിനിറ്റ് ) മൂന്നാമതും എത്തി. ഹീറ്റ്സിലെ മികച്ച സമയത്തിൽ ഇക്കുറി നടുവിലേപറമ്പൻ ഫൈനലിൽ ഇടംപിടിച്ചപ്പോൾ പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ലൂസേഴ്സ് ഫൈനൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫൈനലിൽ തുടക്കത്തിൽ നടുവിലേപറമ്പൻ ലീഡ് നേടി മുന്നോട്ടു കുതിച്ചെങ്കിലും അവസാന ലാപ്പിൽ വീയപുരം കുതിച്ചു. ഈ സീസണിലെ ഏറ്റവും മികച്ച തുഴച്ചിൽ പുറത്തെടുത്താണ് നടുവിലേപറമ്പൻ രണ്ടാമതെത്തിയത്.
മേൽപ്പാടം(പള്ളാത്തുരുത്തി ബോട്ട് ക്ലബ്) , നടുഭാഗം ചുണ്ടൻ(പുന്നമട ബോട്ട് ക്ലബ്), ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്) , കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്‌കെസിബിസി) ,പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്) , ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) എന്നീ വള്ളങ്ങളാണ് 4മുതൽ 9 വരെ സ്ഥാനങ്ങളിലെത്തിയത്.
ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ഓരോ മത്സരവേദികളിലും വിജയികളാകുന്നവരിൽ ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.