സൂക്ഷ്മപരിശോധനയിൽ 2261 പേർ ഔട്ട്: കൽപ്പറ്റ നഗരസഭ ചെയർമാൻ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ സൂക്ഷ്മ പരിശോധനയിൽ തള്ളിപ്പോയ നാമനിർദ്ദേശ പത്രികകളിലേറെയും യു.ഡി.എഫിന്റെ പ്രമുഖ സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ളവരുടേത്. എറണാകുളം ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥി, കൽപറ്റ നഗരസഭ ചെയർമാൻ സ്ഥാനാർത്ഥി, കോട്ടയം പാമ്പാടി പഞ്ചായത്തിലെ സ്ഥാനാർത്ഥി എന്നിവരുടേതുൾപ്പെടെ പത്രിക തള്ളിപ്പോയി. തൃക്കാക്കര നഗരസഭ പന്ത്രണ്ടാം ഡിവിഷനിലെ സി.പി.എം സ്ഥാനാർത്ഥി കെ.കെ. സന്തോഷിന്റെ പത്രികയും തള്ളി. ഇതിൽ സത്യപ്രസ്താവന ഒപ്പിട്ടിരുന്നില്ല. ഇവിടെ ഡമ്മിയായ പ്രസാദ് ഔദ്യോഗിക സ്ഥാനാർത്ഥിയാകും.
മൊത്തം 1,09,671 പത്രിക നൽകിയതിൽ 2261 പേരുടേതാണ് തള്ളിയത്. ഒരാളുടെ ഒന്നിൽ കൂടുതൽ പത്രികകളും ഒഴിവാക്കിയപ്പോൾ 98,451 പേരുകളാണ് അവശേഷിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് വരെ പിൻവലിക്കാൻ സമയമുണ്ട്. അപ്പോഴേക്കും മത്സരചിത്രം തെളിയും.
ആകെ 23,612 വാർഡുകളിലേക്കാണ് മത്സരം. ഒൻപതിടങ്ങളിൽ ഇടതു സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
യു.ഡി.എഫ് ഭരിക്കുന്ന കൽപ്പറ്റ നഗരസഭയിലെ 23-ാം വാർഡിൽ കോൺഗ്രസിലെ രവീന്ദ്രന്റെ പത്രികയാണ് തള്ളിയത്. മുൻ നഗരസഭാ സെക്രട്ടറിയാണ് രവീന്ദ്രൻ. അക്കാലത്തുണ്ടായ സാമ്പത്തിക ബാദ്ധ്യത തീർക്കാത്തതാണ് തള്ളാൻ കാരണം. ഡമ്മി സ്ഥാനാർത്ഥിയായ പ്രഭാകരന്റെ പത്രിക സ്വീകരിച്ചതാണ് ആശ്വാസം.
എറണാകുളത്ത് നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ എൽസി ജോർജിന്റെ പത്രികയാണ് തള്ളിയത്. കടമക്കുടി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് കാരണം. ഇവിടെ കോൺഗ്രസിന് ഡെമ്മി സ്ഥാനാർത്ഥിയില്ല. എൽസിയെ നിർദ്ദേശിച്ച് പത്രികയിൽ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്. ഇവർ നൽകിയ മൂന്ന് സെറ്റ് പത്രികകളിലും ഇതാണ് സ്ഥിതി.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ചെലവിന്റെ കണക്ക് നൽകാത്തതാണ് പാമ്പാടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രമണി മത്തായിക്ക് പാരയായത്.
കൂടുതൽ പേർ മലപ്പുറത്ത്
മലപ്പുറത്താണ് കൂടുതൽ സ്ഥാനാർത്ഥികൾ-12,556 പേർ. പാലക്കാട് 9,909, തൃശൂരിൽ 9,468, കോഴിക്കോട് 9,482, എറണാകുളത്ത് 8,214, തിരുവനന്തപുരത്ത് 7,985 പേരുണ്ട്. കണ്ണൂരിൽ 7,566, കാസർകോട് 3,878,കോട്ടയം 5,630, ആലപ്പുഴ 7,135, കൊല്ലം 6,228, പത്തനംതിട്ട 3,829 സ്ഥാനാർത്ഥികളുണ്ട്. കുറവ് ഇടുക്കിയിലും വയനാട്ടിലുമാണ്. 3,733, 2,838 വീതം.