തേജസ് ദുരന്തം: നെഗറ്റീവ് ജി-ഫോഴ്സിൽ സ്യാലിന് ബോധം പോയോ
ന്യൂഡൽഹി: ദുബായ് എയർ ഷോയ്‌ക്കിടെ തേജസ് യുദ്ധവിമാനത്തിനുണ്ടായ ദുരന്തം നെഗറ്റീവ് ഗ്രാവിറ്റേഷണൽ ഫോഴ്സിന്റെ സ്വാധീനം കൊണ്ടാകാമെന്ന് പ്രതിരോധ വിദഗ്ദ്ധർ. ഗുരുത്വാകർഷണവുമായി ബന്ധപ്പെട്ട ത്വരണത്തിന്റെ യൂണിറ്റാണ് ജി-ഫോഴ്സ്.
സ്ക്വാഡ്രൺ ലീഡർ നമൻഷ് സ്യാൽ വിമാനം വളരെ വേഗതയിൽ കുത്തനേ ഉയർത്തി, അതുപോലെ താഴേക്കുവന്ന് രണ്ടുവട്ടം കരണം മറിഞ്ഞു. മൂന്നാം ശ്രമത്തിലാണ് നിയന്ത്രണം പോയി വിമാനം നിലത്തുപതിച്ച് അഗ്നിഗോളമായതും സ്യാൽ വീരമൃത്യു വരിച്ചതും.
യുദ്ധവിമാനം അഭ്യാസം നടത്തുമ്പോൾ പൈലറ്റ് വലിയതോതിൽ പോസിറ്റീവ്, നെഗറ്റീവ് ജി-ഫോഴ്സ് നേരിടേണ്ടിവരും. കുത്തനെ ഉയർത്തുമ്പോൾ ഗുരുത്വാകർഷണ ബലത്തിന് സമാനമായി പൈലറ്റിനെ സീറ്റിലേക്ക് അമർത്തുന്നതാണ് പോസിറ്റീവ് -ജി. രക്തയോട്ടം തലച്ചോറിൽ നിന്ന് കൂടുതലായി കാലുകളിലെത്തും. അതേസമയം, വിമാനം താഴേക്ക് കുത്തനെ പറത്തുമ്പോൾ, ഗുരുത്വാകർഷണത്തിന്റെ എതിർ ദിശയിലാവുന്നതാണ് നെഗറ്റീവ് - ജി. ഈസമയം, സീറ്റിൽ നിന്ന് വേർപെട്ടപോലെ പൈലറ്റിന് അനുഭവപ്പെടും. രക്തം തലച്ചോറിലേക്ക് കുതിച്ചെത്തും. കൂടുതൽ നേരം കുത്തനേ വരുമ്പോൾ പൈലറ്റിന്റെ കാഴ്ച മങ്ങും. ബോധക്ഷയത്തിനുവരെ (ബ്ലാക്ക് ഔട്ട്) കാരണമായേക്കും.
കുത്തനെ കൂടുതൽ
താഴേക്ക്
മൂന്നാം കരണം മറിച്ചിൽ നമൻഷ് സ്യാൽ ഉദ്ദേശിച്ചത് ഏറെ താഴേക്ക് പറന്നിട്ടാവാമെന്നാണ്. ഇതിനിടെ നിയന്ത്രണം നഷ്‌ടപ്പെടുകയോ, ബോധക്ഷയമുണ്ടാകുകയോ ചെയ്‌തിട്ടുണ്ടാകാമെന്ന് പ്രതിരോധ വിദഗ്ദ്ധനും റിട്ട. ക്യാപ്ടനുമായ അനിൽ ഗൗർ പറഞ്ഞു. ബ്ലാക് ബോക്‌സിലെ ഡേറ്റ പരിശോധിക്കുമ്പോൾ ഇത് സ്ഥിരീകരിക്കാനാകും. കോർട്ട് ഒഫ് ഇൻക്വയറിക്ക് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. ഷോ കാണാൻ എത്തിയവർക്കിടയിലേക്ക് വീഴാതിരിക്കാൻ സീറ്ര് ഇജക്റ്റ് ചെയ്‌ത് രക്ഷപ്പെടാൻ പൈലറ്റ് തയ്യാറാകാത്തതാണോ എന്നതും അന്വേഷിക്കുന്നുണ്ട്.
അവസാന പുഞ്ചിരി
എയർ ഷോ ആരംഭിക്കുന്നതിനു മുൻപ് പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തുമായും യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തലുമായും നമൻഷ് സ്യാൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു. പുഞ്ചിരിച്ച്, ആത്മവിശ്വാസത്തോടെ നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. അപകടത്തിന്റെ കൂടുതൽ ദൃശ്യങ്ങളും പുറത്തുവന്നു.