1.63 കോടി രൂപ ഓൺലൈൻ ട്രേഡിംഗിലൂടെ തട്ടിയ പ്രതികൾ പിടിയിൽ

Sunday 23 November 2025 1:23 AM IST

തൊടുപുഴ: ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് തൊടുപുഴ സ്വദേശിയിൽ നിന്ന് 1.63 കോടി രൂപ തട്ടിയെടുത്ത കേസിലേക്ക് രണ്ട് പേരെ കൂടി ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ തൂവൂര് മരുതെത്ത് ഭാഗത്ത് മേച്ചേരി പകിടിയിൽ വീട്ടിൽ മുഹമ്മദ് സാജിദ് (27), തൂവൂര് മാതോത്ത് ഭാഗത്ത് വടുവൻപാടം വീട്ടിൽ മുഹമ്മദ് അമൽ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശിയിൽ നിന്ന് ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 1,63,00,000 രൂപ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയെടുത്തതെന്നാണ് കേസ്. ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദ്ദേശാനുസരണം ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ആർ. ബിജുവിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.പി. സാഗറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതികളെ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.