ജി 20 ഉച്ചകോടിയിൽ മോദി: മയക്കുമരുന്ന് - ഭീകര ശൃംഖലകൾ തകർക്കണം
ജോഹന്നസ്ബർഗ്: മയക്കുമരുന്ന് - ഭീകര ശൃംഖലകളെ ജി 20 രാജ്യങ്ങൾ ഒറ്റക്കെട്ടായി തകർക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ ജി 20 ഉച്ചകോടിയുടെ ആദ്യ സെഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഫെന്റാനിൽ പോലുള്ള മാരക സിന്തറ്റിക് മയക്കുമരുന്നുകളുടെ വർദ്ധിച്ചുവരുന്ന ഭീഷണികളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇത് പൊതുജനാരോഗ്യത്തിനും സാമൂഹിക സ്ഥിരതയ്ക്കും ആഗോള സുരക്ഷയ്ക്കും ഗുരുതരമായ വെല്ലുവിളിയാണ്. ഇത്തരം മയക്കുമരുന്ന് ശൃംഖലകൾ ഭീകര പ്രവർത്തനങ്ങൾക്കുള്ള പ്രധാന ധനസഹായ സ്രോതസായി പ്രവർത്തിക്കുന്നു. ഇവ തകർക്കുന്നതിന് ജി 20 രാജ്യങ്ങളുടെ പ്രത്യേക സംരംഭത്തിന് തുടക്കം കുറിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ആഗോള പുരോഗതിക്ക് ആഫ്രിക്കയുടെ പുരോഗതി നിർണായകമാണെന്ന് പറഞ്ഞ മോദി, അടുത്ത ദശകത്തിനുള്ളിൽ ജി 20 പങ്കാളികളുടെ പിന്തുണയോടെ ആഫ്രിക്കയിലുടനീളം പത്ത് ലക്ഷം പരിശീലകരെ സൃഷ്ടിക്കാനുള്ള പദ്ധതിയും മുന്നോട്ടുവച്ചു. ഈ പരിശീലകർ ആഫ്രിക്കയിൽ ലക്ഷക്കണക്കിന് വൈദഗദ്ധ്യമുള്ള യുവാക്കളെ സൃഷ്ടിക്കുകയും ആഫ്രിക്കയുടെ വികസനത്തിന് കരുത്ത് പകരുകയും ചെയ്യും.
ആരോഗ്യ അടിയന്തരാവസ്ഥകളോ പ്രകൃതി ദുരന്തങ്ങളോ ഉണ്ടാകുമ്പോൾ, ഉടനടി വിന്യസിക്കാൻ പാകത്തിന് വിദഗ്ദ്ധർ അടങ്ങിയ ജി 20 ഹെൽത്ത്‌കെയർ റെസ്‌പോൺസ് ടീം ആവിഷ്കരിക്കണമെന്നും മോദി നിർദ്ദേശിച്ചു. ജി 20 ഉച്ചകോടിയുടെ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയെ മോദി അഭിനന്ദിച്ചു. ആദ്യമായാണ് ജി 20 ഉച്ചകോടിക്ക് ഒരു ആഫ്രിക്കൻ രാജ്യം വേദിയാകുന്നത്. 2023ൽ ഇന്ത്യ അദ്ധ്യക്ഷ സ്ഥാനം വഹിച്ച സമയത്താണ് ആഫ്രിക്കൻ യൂണിയന് ജി 20 അംഗത്വം ലഭിച്ചത്.
ഇന്ത്യ-കാനഡ-ഓസ്ട്രേലിയ കൂട്ടായ്‌മ
സാങ്കേതിക സഹകരണത്തിനായി പുതിയ ഇന്ത്യ-കാനഡ-ഓസ്ട്രേലിയ കൂട്ടായ്മ മോദി പ്രഖ്യാപിച്ചു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവരുമായി മോദി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്ത്യ - കാനഡ ബന്ധം കൂടുതൽ ശക്തമാക്കുന്നത് കൂടിയാണ് പ്രഖ്യാപനം. കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖാലിസ്ഥാൻ വാദികളെ പ്രോത്സാഹിപ്പിച്ചത് ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയിരുന്നു. മാർച്ചിൽ കാർണി അധികാരത്തിലെത്തിയതോടെ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെട്ടു. അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ് തുടങ്ങിയ നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തി.