സമാധാന പദ്ധതി: യുക്രെയിന് ട്രംപിന്റെ മുന്നറിയിപ്പ്
കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിന് മേൽ സമ്മർദ്ദം ശക്തമാക്കി യു.എസ്. തങ്ങൾ ആവിഷ്കരിച്ച 28 നിർദ്ദേശങ്ങൾ അടങ്ങിയ സമാധാന പദ്ധതി വരുന്ന വ്യാഴാഴ്ചയ്ക്കുള്ളിൽ അംഗീകരിക്കാൻ യുക്രെയിൻ തയ്യാറാകണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. അല്ലാത്തപക്ഷം യു.എസിന്റെ പിന്തുണ യുക്രെയിന് നഷ്ടപ്പെട്ടേക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
റഷ്യയുടെ താത്പര്യങ്ങളോട് യോജിച്ച് തയ്യാറാക്കിയ പദ്ധതി യുക്രെയിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യുക്രെയിന് അടുത്ത പങ്കാളിയെ (യു.എസ്) നഷ്ടമാകാൻ ഇത് വഴിവച്ചേക്കാമെന്ന് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. യു.എസുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെങ്കിലും റഷ്യ പിടിച്ചെടുത്ത ഡൊണെസ്ക്, ലുഹാൻസ്ക് പ്രദേശങ്ങൾ വിട്ടുനൽകുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ അംഗീകരിക്കാൻ യുക്രെയിൻ ഒരുക്കമല്ല.
യൂറോപ്യൻ സഖ്യ രാജ്യങ്ങളുമായി ചേർന്ന് ബദൽ പദ്ധതി രൂപീകരിക്കാൻ യുക്രെയിൻ ശ്രമം തുടങ്ങി. പദ്ധതി അംഗീകരിച്ചില്ലെങ്കിൽ ഇന്റലിജൻസ് കൈമാറ്റങ്ങളും ആയുധ വിതരണവും നിറുത്തുമെന്ന് യു.എസ് യുക്രെയിനോട് ഭീഷണി മുഴക്കിയെന്നും റിപ്പോർട്ടുണ്ട്. യു.എസ് പദ്ധതിയെ പിന്തുണയ്ക്കുന്നതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അറിയിച്ചു.