തനിച്ച് നടന്നു വരുന്ന സ്ത്രീകൾക്ക് നേരെ സ്കൂട്ടറിൽ കറങ്ങി ലൈംഗികാതിക്രമം; ഓട്ടോഡ്രൈവർ അറസ്റ്റിൽ
തൃശ്ശൂർ: രാത്രി സമയങ്ങളിൽ സത്രീകൾക്ക് നേരെ പൊതുസ്ഥലത്ത് ലൈംഗികാതിക്രമം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിൽ. കണ്ടാണശ്ശേരി കിഴക്കേകുളം വീട്ടിൽ അബ്ദുൾ വഹാബിനെയാണ് (49) ഗുരുവായൂർ പൊലീസ് അറസ്റ്റു ചെയ്തത്. രാത്രികാലങ്ങളിൽ ഹെൽമെറ്റ് ധരിച്ച് ഗുരുവായൂരിലെ കണ്ടാണശ്ശേരി, ചൊവ്വല്ലൂർ മേഖലകളിൽ സ്കൂട്ടറിൽ കറങ്ങി നടന്നായിരുന്നു ഇയാൾ അതിക്രമം നടത്തുന്നത്.
ജോലി കഴിഞ്ഞ് ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നു പോകുന്ന സ്ത്രീകൾക്ക് നേരെയും വിദ്യാർത്ഥിനികൾക്കു നേരെയും പ്രതി ലൈംഗികാതിക്രമം പതിവാക്കിയിരുന്നു. ശല്യം സഹിക്കാൻ കഴിയാതെ പലരും പൊലീസിൽ പരാതിപ്പെട്ടതോടെയാണ് പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച ശേഷം പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. മഫ്തിയിലെത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതിയെ ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ സിഐ. ജി അജയകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.