പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ; നരബലിയാണെന്ന് സംശയം

Sunday 23 November 2025 11:05 AM IST

ഗുരുഗ്രാം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം നരബലിയാണെന്ന സംശയത്തിൽ പൊലീസ്. ഹരിയാനയിലെ ഗുരുഗ്രാമിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. ആറിനും പത്തിനും ഇടയിൽ പ്രായമുള്ള പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്. ഹൈവേയുടെ ഓരത്ത് കൃഷിയിടത്താണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. തലയും ഇടത് കാലിന്റെ ഭാഗവും അറ്റനിലയിലായിരുന്നു കാണപ്പെട്ടത്. ഒരു കർഷകനാണ് മൃതദേഹം ആദ്യം കാണുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയും ആഭിചാരക്രിയയുടെ ഭാഗമായിട്ടാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിൽ എത്തിച്ചേരുകയുമായിരുന്നു.

ശരീര ഭാഗങ്ങൾ കിട്ടിയ സ്ഥലത്ത് നിന്നും പെൺകുട്ടിയുടെ മുടി നുറുക്കി മാറ്റിയിട്ട നിലയിലായിരുന്നു കാണപ്പെട്ടത്. ഇതേ തുടർന്നാണ് സംഭവം നരബലിയാണെന്ന സംശയത്തിൽ പൊലീസ് എത്തിച്ചേരുന്നത്. മാത്രമല്ല രക്തതുള്ളികൾ ശരീരഭാഗങ്ങൾ കിടന്നിരുന്ന സ്ഥലത്ത് തളിച്ച നിലയിലായിരുന്നു. ഇത് നുറുക്കിയ സമയത്ത് ഉണ്ടായതല്ലെന്നും പിന്നീട് പ്രത്യേകം തളിച്ചതാകാമെന്നുമാണ് പൊലീസ് ചൂണ്ടികാണിക്കുന്നത്. അങ്ങനെയാണ് സംഭവം ദു‌ർമ‌ന്ത്രവാദത്തിന്റെ ഭാഗമായി നടന്ന കൊലപാതകമെന്ന സംശയത്തിൽ ഉദ്യോഗസ്ഥർ എത്തിച്ചേർന്നത്.

മരിച്ച പെൺകുട്ടി ആരാണെന്ന് കൃത്യമായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഹരിയാനയിലും ഡൽഹിയിലും കാണാതായ പെൺകുട്ടികളെക്കുറിച്ചുള്ള അന്വേഷണം നടത്തുകയാണ് പൊലീസ്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കുട്ടിയുടെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.