'എന്റെ  കെെയിൽ  തെളിവുണ്ട്, നിങ്ങൾ  നല്ലവരെപ്പോലെ  അഭിനയിക്കുകയാണ്'; ആഞ്ഞടിച്ച് വിജയ്

Sunday 23 November 2025 11:45 AM IST

ചെന്നെെ: കരൂർ ദുരന്തത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി നടനും തമിഴക വെട്രി കഴകം (ടിവികെ)​ അദ്ധ്യക്ഷനുമായ വിജയ്. കാഞ്ചീപുരം ജെപ്യർ ടെക് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ടിവികെയുടെ യോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. എല്ലാവർക്കും നല്ലത് ചെയ്യണമെന്ന് കരുതിയാണ് താൻ രാഷ്ട്രീയത്തിൽ വന്നതെന്നും വിജയ് യോഗത്തിൽ സംസാരിക്കവെ പറഞ്ഞു. ഡിഎംകെയുടെ ലക്ഷ്യം കൊള്ളയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'നമ്മുടെ പാർട്ടിക്ക് ലക്ഷ്യം ഇല്ലെന്നാണ് പറയുന്നത്. എന്നാൽ അവരുടെ പാർട്ടിയുടെ ലക്ഷ്യം കൊള്ളയാണ്. എല്ലാവർക്കും നീതി ലഭിക്കണമെന്ന് തീരുമാനിച്ചാണ് ഞാൻ പാർട്ടിയിൽ എത്തിയത്. സമത്വം, വിദ്യാഭ്യാസം എന്നിവയിൽ നമ്മളെടുത്ത നിലപാട് എല്ലാവരും കണ്ടതാണ്. നിങ്ങളെ പോലെ നിലപാട് വാക്കുകളിൽ മാത്രമല്ല ഞാൻ ഒളിപ്പിച്ചത്. ഇപ്പോൾ നിങ്ങളുടെ പാർട്ടിയിൽ നടക്കുന്ന കാര്യം ഞങ്ങൾക്ക് അറിയാം. നിങ്ങൾ നല്ലവരെപ്പോലെ അഭിനയിക്കുകയാണ്. വിമർശനം തുടങ്ങിയില്ല. അതിന് മുൻപ് നിങ്ങൾ പേടിക്കുകയാണ്.

എനിക്ക് എപ്പോഴും ജനങ്ങളാണ് വലുത്. അവരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. കാഞ്ചീപുരത്തെ നദിയായ പാലാറിനെ കൊള്ളയടിക്കുകയാണ് ഇപ്പോൾ ഉള്ളവർ. എന്റെ കെെയിൽ അതിനുള്ള തെളിവുണ്ട്. 22,70000 യൂണിറ്റ് മണൽ ഈ നദിയിൽ നിന്ന് കൊള്ളയടിച്ചിട്ടുണ്ട്. 4,730 കോടി രൂപ ഇങ്ങനെ അവർ സമ്പാദിച്ചു. ഇതിന്റെ തെളിവ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മണൽ എടുത്താൽ നദി നശിക്കും. നദി നശിച്ചാൽ കൃഷി നശിക്കും. ഇത് നമ്മളെ തന്നെ നശിപ്പിക്കും. കാഞ്ചീപുരത്തിന്റെ പട്ട് ലോകത്ത് വളരെ പ്രശസ്തമാണ്. പക്ഷേ അത് തയ്യാറാക്കുന്നവർ പട്ടിണിയിലാണ്'- വിജയ് പറഞ്ഞു.