നിസാരമല്ല ഈ ലക്ഷണങ്ങൾ; കൂടുതലും കണ്ടുവരുന്നത് കുട്ടികളിൽ, ഒരു പഞ്ചായത്തിലെ സ്‌കൂളിന് തന്നെ അവധി നൽകി

Sunday 23 November 2025 12:58 PM IST

കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ മുണ്ടിനീര് രോഗം പടരുന്നു. കോട്ടപ്പടി പഞ്ചായത്തിലാണ് രോഗികൾ കൂടുതലുളളത്. ഇവിടെ ഒരു സ്‌കൂളിലെ തന്നെ മുപ്പതോളം കുട്ടികൾക്ക് മുണ്ടിനീര് പിടിപ്പെട്ടിട്ടുണ്ട്. ഒന്നാം ക്ലാസിലെ കുട്ടികളാണ് ഇതിൽ ഏറെയും. രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയിൽ സ്‌കൂളിന് അവധി നൽകി. ഒരാഴ്ച മുമ്പാണ് രോഗവ്യാപനം ശ്രദ്ധയിൽപ്പെടുന്നത്. വൈകാതെ തന്നെ നിരവധി കുട്ടികളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്തു. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമാണ് സ്‌കൂളിന് അവധി നൽകിയത്.

ലക്ഷണങ്ങൾ അവഗണിക്കരുത്

പതിനെട്ട് വയസിൽ താഴെയുള്ളവരെ പ്രധാനമായും ബാധിക്കുന്ന വൈറസ് രോഗമാണ് മുണ്ടിനീര്. ചിലപ്പോഴൊക്കെ മുതിർന്നവരിലും കാണപ്പെടാറുണ്ട്. സമ്പർക്കത്തിലൂടെയാണ് പകരുന്നത്. ഉമിനീരിലൂടെയും ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ വഴി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പ്രവേശിക്കാം. അതിനാൽ രോഗികളുമായും അവർ ഉപയോഗിക്കുന്ന വസ്തുക്കളുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണ് പ്രധാന പ്രതിരോധ മാർഗ്ഗം. രോഗം മാറാൻ രണ്ടാഴ്ചവരെ സമയമെടുക്കും. വിശ്രമമാണ് പ്രധാനമായും വേണ്ടത്. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. ചികിത്സിച്ചില്ലെങ്കിൽ സങ്കീർണ്ണതകളുണ്ടാകാനും ഭാവിയിൽ കേൾവി തകരാർ, പ്രത്യുത്പാദന തകരാർ തുടങ്ങിയ പ്രത്യഘാതങ്ങൾക്കും സാദ്ധ്യതയുണ്ട്.

  • ചെവിയുടെ താഴെ കവിളിന്റെ രണ്ട് വശങ്ങളിലും ഉണ്ടാകുന്ന വീക്കമാണ് പ്രധാന ലക്ഷണം
  • നേരിയതോ കടുത്തതോ ആയ പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, വിഴുങ്ങാനും സംസാരിക്കാനും ബുദ്ധിമുട്ട്
  • കവിളിൽ വേദനയും അനുഭവപ്പെടാം