മത്സരത്തിനുണ്ട് വനിതാ മാദ്ധ്യമപ്രവർത്തകരും

Monday 24 November 2025 12:48 AM IST

കോട്ടയം : തിരഞ്ഞെടുപ്പിൽ രണ്ട് വനിതാ മാദ്ധ്യമ പ്രവർത്തകരുമുണ്ട്. ഒരാൾ ജനയുഗം ബ്യൂറോ ചീഫ്. മറ്റൊരാൾ ജന്മഭൂമി സബ് എഡിറ്റർ. രണ്ട് പേരുടേയും ചുമതല വാർഡ് തിരിച്ച് പിടിക്കാനും. ജനയുഗത്തിലെ സരിത കൃഷ്ണൻ പനച്ചിക്കാട് പഞ്ചായത്തിലെ വിളക്കാംകുന്ന് 12-ാം വാർഡിൽ സി.പി.ഐ സ്ഥാനാർത്ഥിയായും ജന്മഭൂമിയിലെ സി.എസ്.വൈഷ്ണവി അയ്മനം പഞ്ചായത്തിലെ 20-ാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയായുമാണ് മത്സരിക്കുന്നത്. കോളേജ് പഠന കാലത്ത് സരിത 12-ാം വാർഡ് അംഗമായിരുന്നു. പിന്നീട് വാർഡ് കൈവിട്ടു പോയി. മൂന്ന് തവണയായി കോൺഗ്രസിന്റെ കൈയിലുള്ള വാർഡ് തിരിച്ചുപിടിക്കാമെന്നാണ് സരിതയിലൂടെ സി.പി.ഐ ലക്ഷ്യമിടുന്നത്. കോൺഗ്രസിലെ കുഞ്ഞുമോൻ ശശീന്ദ്രന്ദ്രനും ബി.ജെ.പിയിലെ നീനു എസ്.നായരുമാണ് എതിരാളികൾ. പനച്ചിക്കാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവുമായ സരിത അവധിയെടുത്താണ് പ്രചാരണ പ്രവർത്തനങ്ങളിലേയ്ക്ക് കടക്കുന്നത്. സരിതയുടെ കുടുംബവീട് ഉൾക്കൊള്ളുന്ന വാർഡാണിത്. നാലു വർഷമായി ജന്മഭൂമി ദിനപ്പത്രത്തിന്റെ പത്രാധിപ സമിതി അംഗമായ വൈഷ്ണവി, വാർത്തകളിലൂടെ അയ്മനത്തിന്റെ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞെന്ന ഉറപ്പിലാണ് ജനപ്രതിനിധിയാകാനുള്ള തയ്യാറെടുപ്പിലെത്തിയത്. കന്നി മത്സരമാണ്. കോഴിക്കോട് സ്വദേശിയായ വൈഷ്ണവി വിവാഹത്തോടെയാണ് അയ്മനംകാരിയായത്.