സ്വർണ തിളക്കത്തിൽ ഷമ്മിയുടെ തൂവെള്ള ഭാസ്കരൻ
വിലായത്ത് ബുദ്ധയ്ക്ക് പോരടിക്കുന്ന മോഹനനും ഭാസ്കരനും
അസാധാരണ അഭിനയ മുഹൂർത്തങ്ങളും സമാനതകളില്ലാത്ത പകർന്നാട്ടവുമായി വിലായത്ത് ബുദ്ധയിൽ ഭാസ്കരൻ മാഷായി ഞെട്ടിച്ച് ഷമ്മി തിലകൻ. പൃഥ്വിരാജ് നായകനായി നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്ത വിലായത്ത് ബുദ്ധയിൽ ചില രംഗങ്ങളിൽ മലയാളത്തിന്റെ സ്വന്തം അഭിനയ കുലപതി തിലകനെ തന്നെ അനുസ്മരിപ്പിക്കുന്ന ശരീര ഭാഷയുമായി വിസ്മയിപ്പിച്ചു ഷമ്മി. പകയും പ്രതികാരവും വീറും വാശിയും പോരാട്ട വീര്യവും ഭയവും നിസ്സാഹായവസ്ഥയുമൊക്കെ മാറി മറിയുന്ന ഭാവാഭിനയങ്ങളുടെ അനന്യമായ കാഴ്ച ഷമ്മി തിലകൻ പുറത്തെടുത്തു. മാഷിന് നാട്ടിൽ മറ്റൊരു വിളിപ്പേരുണ്ട് തൂവെള്ള ഭാസ്കരൻ. ഒരിക്കൽ മാഷിന്റെ ജീവിതത്തിൽ ആകസ്മികമായുണ്ടാകുന്ന വലിയൊരു സംഭവവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഇതിവൃത്തം. സിനിമയുടെ ഹൈലൈറ്റ് തന്നെ നേർക്കുനേർ പോരടിക്കുന്ന ഭാസ്കരൻ മാഷിന്റെയും പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഡബിൾ മോഹനന്റെയും രംഗങ്ങളാണ്. ജി. ആർ ഇന്ദുഗോപന്റെ നോവൽ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തി . പ്രിയംവദ കൃഷ്ണൻ ആണ് നായിക . ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ എ.വി. എ പ്രൊഡക്ഷൻസിന്റെ എ.വി അനൂപുമായി ചേർന്നാണ് നിർമ്മാണം. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ..