വിശ്വകർമ്മാവിനാൽ പണികഴിപ്പിച്ച ഗുഹ, പുനർജ്ജനി നൂഴുന്നതിലൂടെ പാപങ്ങൾ ഒടുങ്ങി മോക്ഷ പ്രാപ്തി കൈവരുമെന്ന് വിശ്വാസം

Sunday 23 November 2025 6:47 PM IST

തിരുവില്വാമല പുനർജനി നൂഴൽ ഡിസംബർ ഒന്നിന് വൃശ്ചിക മാസ വെളുത്ത പക്ഷ ഏകാദശി നാളായ ഗുരുവായൂർ ഏകാദശി ദിവസം നടക്കും. പുലർച്ചെ ക്ഷേത്രത്തിൽ നിന്ന് നാമജപ ഘോഷയാത്രയോടെ മേൽശാന്തിയും ഭക്തരും കിഴക്കേദിക്കിലുള്ള ഗുഹാമുഖത്തെത്തി പ്രത്യേകപൂജയ്ക്കു ശേഷമാണ് പുനർജനി നൂഴൽ ആരംഭിക്കുന്നത്.

വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ടര കിലോ മീറ്റർ കിഴക്ക് വില്വാമലയിലാണ് പുതർജ്ജനി ഗുഹ സ്ഥിതി ചെയ്യുന്നത്. ദേവഗുരു ബൃഹസ്പതിയുടെ ഉപദേശ പ്രകാരം വിശ്വകർമ്മാവിനാൽ പണികഴിപ്പിച്ചതാണ് പുനർജ്ജനി ഗുഹ എന്നാണ് ഐതിഹ്യം. പുനർജ്ജനി നൂഴുന്നതിലൂടെ പൂർവ്വ ജൻമങ്ങളിലേയും, ഈ ജൻമത്തെയും പാപങ്ങൾ ഒടുങ്ങി മോക്ഷ പ്രാപ്തി കൈവരുമെന്നുമാണ് വിശ്വാസം. അത്യന്തം ദുഷ്കരവും ഇടുങ്ങിയതുമായ വഴിയിലൂടെ ഇരുന്നും , നിരങ്ങിയും, മലർന്ന് കിടന്നും, കമിഴ്ന്ന് കിടന്നു നീങ്ങിയും തൊട്ടു മുൻപിലും, പുറകെയുമുള്ള ആളുകളുടെ സഹായം തേടിയും വേണം ഗുഹയിലൂടെ പുറത്തെത്തുവാൻ . പുനർജ്ജനി നൂഴുന്നവർ ക്ഷേത്ര ദർശനം നടത്തി കാണിക്കയിട്ടാണ് നൂഴാനെത്തുന്നത്. കിഴക്കേ നടയിലൂടെ കിഴക്കോട്ട് നടന്നു ചെന്നാൽ ഗുഹാമുഖത്തെത്താനാകും. നടന്നെത്താനാകാത്തവർ മലേശമംഗലം റോഡിലൂടെ ഫോറസ്റ്റ് എയ്ഡ് പോസ്റ്റിനു പുറകിലുള്ള വഴിയിലൂടെയും ഗുഹാമുഖത്തെത്താവുന്നതാണ്. പുനർജ്ജനിയോടു ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്ന അമ്പ് തീർത്ഥം , കൊമ്പ് തീർത്ഥം, ഗണപതി തീർത്ഥം, പാപനാശിനി തീർത്ഥം, പാതാള തീർത്ഥം, എന്നിവയും പ്രസിദ്ധവും പരിപാവനവുമാണ്.

പുനർജനി നൂഴാനുള്ള ടോക്കൺ നവംബർ 30ന് വൈകിട്ട് അഞ്ച് മുതൽ എട്ട് വരെ തിരുവില്വാമല ദേവസ്വം ഓഫീസിൽനിന്ന് വിതരണം ചെയ്യും. പ്രായമായവരും ആരോഗ്യപ്രശ്‌നമുള്ളവരും സ്ഥിരമായി അസുഖങ്ങൾ ഉള്ളവരും പുനർജനി നൂഴുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും ടോക്കൺ എടുക്കാൻ വരുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കൊണ്ടുവരണമെന്നും ദേവസ്വം മാനേജർ വിജയകുമാർ അറിയിച്ചു. പുനർജനി ഗുഹാപരിസരവും അവിടേക്കുള്ള വഴികളും കാട് വെട്ടി വൃത്തിയാക്കിയിട്ടുണ്ട്.