ശബരിമല പാതയിൽ വീണ്ടും കാട്ടുപോത്ത്
മുണ്ടക്കയം : ശബരിമല തീർത്ഥാടകർ കടന്നുപോകുന്ന മുണ്ടക്കയം - കോരുത്തോട് പാതയിൽ വണ്ടൻപതാൽ തേക്ക്കൂപ്പിൽ കാട്ടുപോത്തിന്റെ ശല്യം വീണ്ടും വ്യാപകമാകുന്നു. പകൽ സമയങ്ങളിൽ പോലും റോഡിൽ കാട്ടുപോത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഇതോടെ ഇതുവഴിയുള്ള യാത്രക്കാർ ഭീതിയിലാണ്.
കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് തീർത്ഥാടക വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തിരുന്നു. ഉൾക്കാടുകളിൽ നിന്ന് എസ്റ്റേറ്റിന് സമീപമുള്ള തോട്ടിലേക്ക് വെള്ളം കുടിക്കാൻ എത്തുന്നതാണ് കാട്ടുപോത്തുകൾ. ആളുകളെ ആക്രമിക്കാനുള്ള സാദ്ധ്യതയുമേറെയാണ്. വാഹനങ്ങളുടെ മുന്നിലേക്ക് ചാടുന്നതും പതിവാണ്. കഴിഞ്ഞദിവസം റോഡിന്റെ കുറുകെ ചാടിയോടുന്ന കാട്ടുപോത്തിന്റെ വീഡിയോ യാത്രക്കാർ ഫോണിൽ പകർത്തിയിരുന്നു. ആ സമയം അതുവഴി വന്ന രണ്ടു വാഹനങ്ങളും നിറുത്തുന്നതും വീഡിയോയിൽ കാണാം. യാത്രക്കാർ കരുതലോടെ ഇതുവഴി സഞ്ചരിക്കണമെന്ന നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്.