മോഹിപ്പിച്ചു, ഒടുവിൽ സീറ്റുമില്ല : നേതാക്കൾക്ക് തെറിയഭിഷേകം

Monday 24 November 2025 1:16 AM IST

സ്ഥാനാർത്ഥി മോഹവുമായി നടന്ന പലരും പുറത്താവുകയും മണ്ണും ചാരി നിന്ന പലരും സീറ്റുറപ്പിക്കുകയും ചെയ്തതോടെ പരസ്യമായി നേതാക്കളെ തെറി വിളിക്കുന്നവരുടെ എണ്ണം ചുറ്റുവട്ടത്ത് കൂടുകയാണ്. സി.പി.എമ്മിലാണെങ്കിൽ വിവരമറിയുമെന്നതിനാൽ യു.ഡിഎഫിലാണ് ചീത്തവിളി കൂടുതൽ. പ്രവർത്തന പാരമ്പര്യവും ജനങ്ങൾക്കിടയിലെ സ്വീകാര്യതയും നോക്കിയാണ് സീറ്റെന്ന് ഓരോ പാർട്ടിയും അവകാശപ്പെടുമ്പോഴും ജാതിയും ഉപജാതിയും സാമ്പത്തിക സ്ഥിതിയും മറ്റും പരിശോധിച്ച് സീറ്റ് നൽകിയെന്നതാണ് യാഥാർത്ഥ്യം. വർഷങ്ങളായി പാർട്ടിക്കായി വിയർപ്പൊഴുക്കിയ പലരും പുറത്താവുകയും പുത്തൻ പണക്കാർ സീറ്റുറപ്പിക്കുകയും ചെയ്ത കഥകളാണ് ഏറെ പറയാനുള്ളത്. 'വനിതാസംവരണവും, എസ്.സി - എസ്.ടി സംവരണവുമെല്ലാം കഴിഞ്ഞ് വിരലിലെണ്ണാവുന്ന സീറ്റേയുള്ളൂ ഞാനെന്നാ ചെയ്യാനാ 'എന്നു മറുപടി പറഞ്ഞ നേതാവിനെ ഒരുസ്ഥാനാർത്ഥി നിറുത്തിപ്പൊരിച്ചെന്നാണ് സംസാരം. സീറ്റ് ചോദിച്ച എല്ലാവരോടും ഉറപ്പ് പറഞ്ഞിട്ട് അവസാനം കുറുപ്പിന്റെ ഉറപ്പുപോലെ വെട്ടാതെയുള്ള കാര്യം ആദ്യമേ പറയാൻ മേലേ എന്ന് ചോദിച്ച് തുടങ്ങിയതേ നേതാവിന് ഓർമ്മയുള്ളൂ. പിന്നെ ചെവിയടച്ച് മറുതലയ്ക്കൽ ഒറ്റ ഇരിപ്പായിരുന്നു. പലിശയും കൂട്ടപലിശയും ചേർത്ത് അസഭ്യം ചൊരിയുകയായിരുന്നു സ്ഥാനാർത്ഥിമോഹി.

വനിതാ സംവരണം കൂടിയതോടെ വെട്ടിലായത് സിറ്റിംഗ് കൗൺസിലർമാരായ പുരുഷ കേസരികളായിരുന്നു. സ്ഥാനാർത്ഥിയാക്കാൻ പറ്റിയ വനിതകളെ തപ്പിനടക്കുകയായിരുന്നു പല പാർട്ടികളും. നാട്ടുകാർക്കിടയിൽ ബഹുമാനമുള്ള വിരമിച്ച ടീച്ചർമാർക്കായിരുന്നു ഏറെ പ്രിയം. വിമത സ്ഥാനാർത്ഥികളെ പിൻവലിപ്പിക്കാൻ നേതാക്കൾക്ക് പല കളികളും നടത്തേണ്ടി വന്നു. വിമതയായി പത്രിക നൽകാൻ ജാമ്യത്തുകയായ നാലായിരം രൂപ ഓൺലൈനിൽ അടച്ചതറിഞ്ഞ് പിന്തിരിപ്പിക്കാൻ നാലായിരം ഗൂഗിൾ പേ ചെയ്ത് കൊടുത്തതു കൂടാതെ അടുത്ത തവണ പരിഗണിക്കാമെന്ന 'കുറുപ്പിന്റെ ഉറപ്പ്' സംസ്ഥാന തല കോൺഗ്രസ് നേതാക്കളെക്കൊണ്ടു വരെ ചെയ്യിക്കേണ്ട ഗതികേടും കോട്ടയത്തുണ്ടായി.

സ്ഥാനാർത്ഥി പരിഗണനയിൽ കോട്ടയത്ത് ക്രൈസ്തവർക്കാണ് യു.ഡി.എഫിൽ മുൻഗണന. മണർകാട് പഞ്ചായത്തിൽ ഈ ഴവ വിഭാഗത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിവിധ ശാഖാ ഭാരവാഹികൾ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നേരത്തേ കത്തുനൽകിയിരുന്നു. സി.പി.എമ്മും, ബി.ജെ.പിയും പരിഗണിച്ചെങ്കിലും കോൺഗ്രസ് മൈൻഡ് ചെയ്തതേയില്ല. തഴഞ്ഞതിൽ ഈഴവവിഭാഗം കടുത്ത അമർഷത്തിലാണ്. കൊണ്ടാലും പഠിക്കില്ലേൽ എന്തു ചെയ്യാനെന്നാണ് ചുറ്റുവട്ടത്തിന് ചോദിക്കാനുള്ളത്.