ബിരുദധാരികള്‍ക്കും ബിടെക്കുകാര്‍ക്കും അവസരം; കേരള ഹൈക്കോടതിയില്‍ ജോലിക്ക് അപേക്ഷിക്കാം

Sunday 23 November 2025 7:17 PM IST

കൊച്ചി: കേരള ഹൈക്കോടതിയില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 49 ഒഴിവുകളാണ് ഈ വിജ്ഞാപനത്തിലൂടെ നികത്തുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2025 ഡിസംബര്‍ 16 വരെ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഏറ്റവുമധികം ഒഴിവുകളുള്ളത് ട്രാന്‍സ്ലേറ്റര്‍ തസ്തികയിലാണ് (20 ഒഴിവ്). ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ട്രാന്‍സ്ലേറ്റര്‍മാര്‍ക്ക് 31,020 രൂപയാണ് ശമ്പളം. ടെക്‌നിക്കല്‍ അസിസ്റ്റന്റ് (16 ഒഴിവ്), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (12 ഒഴിവ്) എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ടെക്‌നിക്കല്‍ അസിസ്റ്റന്റിന് 30,000 രൂപയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് 22,240 രൂപയുമാണ് ശമ്പളം. ഇലക്ട്രോണിക്‌സ്/ഐടി/കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഡിപ്ലോമയുള്ളവര്‍ക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റോടെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററാകാനും അവസരമുണ്ട്. സീനിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. എംസിഎ, ബി.ടെക് ബിരുദധാരികള്‍ക്ക് 60,000 രൂപ വരെ ശമ്പളത്തില്‍ ഈ തസ്തികയില്‍ ജോലി നേടാന്‍ സാധിക്കും.

ട്രാന്‍സ്ലേറ്റര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് 1989 ജനുവരി 2-നും 2007 ജനുവരി 1-നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. സീനിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ക്ക് പ്രായപരിധിയില്‍ മാറ്റമുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്താണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.