കാഞ്ചീപുരത്ത് ടി.വി.കെ പൊതുയോഗം, വെറുതെയൊന്നും പറയാറില്ല,​ ഡി.എം.കെ ദുഃഖിക്കും:വിജയ്

Monday 24 November 2025 3:42 AM IST

ചെന്നൈ: കരൂർ ദുരന്തത്തിനുശേഷം നടന്ന ആദ്യ പൊതുസമ്മേളനത്തിൽ ഡി.എം.കെയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പും വിമർശനവുമായി ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ്. തനിക്കെതിരെ നിലപാടുകളെടുക്കുന്ന ഡി.എം.കെ ദുഃഖിക്കേണ്ടിവരുമെന്ന് വിജയ്‌ പറഞ്ഞു. 'ഞാൻ രാഷ്ട്രീയത്തിലെത്തിയത് ജനങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്യാനാണ്. മറ്റ് അജൻഡയില്ല. വിജയ് വെറുതെയൊന്നും പറയാറില്ല. ഒരു കാര്യം പറഞ്ഞാൽ അതുചെയ്യാതെ പോവുകയുമില്ല"- കാഞ്ചീപുരം സുങ്കുവർച്ചത്തിരത്തിലെ സ്വകാര്യ കോളേജിൽ നടന്ന പൊതുസമ്മേളനത്തിൽ വിജയ്‌യുടെ വാക്കുകൾക്ക് വൻ കരഘോഷം.

' ഡി.എം.കെ കൊള്ള നടത്തുകയാണ്. നാടകം കളിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ്. നീറ്റ് പരീക്ഷ അവസാനിപ്പിക്കുന്നത് പോലുള്ള പൊള്ളയായ വാഗ്ദാനങ്ങൾ ടി.വി.കെ നൽകില്ല. ഭരണഘടനയിലെ കൺകറന്റ് ലിസ്റ്റിൽ നിന്ന് വിദ്യാഭ്യാസത്തെ സംസ്ഥാന ലിസ്റ്റിലേക്ക് മാറ്റുക, ജാതി സെൻസസ് നടത്തുക, സമത്വം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ടി.വി.കെയുടെ ആവശ്യങ്ങൾ. അണ്ണാദുരൈ ജനിച്ച മണ്ണായതിനാലാണ് കാഞ്ചീപുരത്ത് സമ്മേളനം നടത്തുന്നത്. അദ്ദേഹം രാജ്യത്തിനുവേണ്ടിയാണ് ജനിച്ചത്. എം.ജി.ആർ താൻ ആരംഭിച്ച പാർട്ടിയുടെ പതാകയിൽ അണ്ണാദുരൈയുടെ ചിത്രം പതിപ്പിച്ചു. എന്നാൽ, അണ്ണാദുരൈ ആരംഭിച്ച പാർട്ടി ഏറ്റെടുത്തവർ ആരാണെന്ന് നിങ്ങൾക്കറിയാമോ"- ഡി.എം.കെയെ ലക്ഷ്യമിട്ട് വിജയ് ചോദിച്ചു.

' വ്യക്തിപരമായി, അവരുമായി ഒരു പ്രശ്നവുമില്ല, വാക്കാലുള്ള തർക്കങ്ങളില്ല, ഉണ്ടെങ്കിലും ഞങ്ങൾ ഗൗരവമായിയെടുക്കില്ല. അവർക്ക് നമ്മളെ ദ്രോഹിക്കാം. അവർ കള്ളം പറയുകയും വോട്ട് ചെയ്യാൻ വഞ്ചിക്കുകയും ചെയ്താൽ, എങ്ങനെ ചോദ്യം ചെയ്യാതിരിക്കാനാകും. കാഞ്ചീപുരം സിൽക്ക് ലോകം അറിയും. അത് ഉത്പാദിപ്പിക്കുന്ന നെയ്ത്തുകാരുടെ അവസ്ഥ നിങ്ങൾക്കറിയാമോ? ദാരിദ്ര്യം, പലിശയുടെ ക്രൂരത തുടങ്ങിയവ അനുഭവിക്കുകയാണ്"- വിജയ് പറഞ്ഞു.

കരൂരിനെക്കുറിച്ച് ഞാൻ സംസാരിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നതായും അതിനെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നും മാത്രമാണ് കരൂർ ദുരന്തത്തെക്കുറിച്ച് വിജയ് പറഞ്ഞത്. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ടി.വി.കെ പൊതുപരിപാടികളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു.

എല്ലാവർക്കും വീട്

(വിജയ്‌യുടെ പ്രഖ്യാപനങ്ങൾ)​

എല്ലാവർക്കും വീട്

 ഒരു വീട്ടിൽ ഒരു മോട്ടോർ സൈക്കിൾ

 എല്ലാ വീട്ടിലും ഒരു കാർ ഉണ്ടായിരിക്കത്തക്കവിധം സാമ്പത്തിക വികസനം

 വീട്ടിലെ ഒരാൾക്കെങ്കിലും സ്ഥിരവരുമാനം​

അതിനായി തൊഴിൽ,​ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ

സർക്കാർ ആശുപത്രികളുടെ വികസനം

 മഴക്കാല ദുരിതം തടയൽ

 മത്സ്യത്തൊഴിലാളികൾ, നെയ്ത്തുകാർ, സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ- സുരക്ഷാ വികസന പദ്ധതികൾ

 വ്യാവസായിക വികസനത്തിൽ ശ്രദ്ധ

 ക്രമസമാധാനം കർശനമായിരിക്കും