വായുമലിനീകരണം: ഡൽഹിയിൽ പ്രതിഷേധം
Monday 24 November 2025 12:43 AM IST
ന്യൂഡൽഹി: വായുമലിനീകരണം അതിരൂക്ഷമായി തുടരുന്ന ഡൽഹിയിൽ ശ്വസിക്കാനുള്ള അവകാശത്തിനായി ജനങ്ങളുടെ പ്രതിഷേധം. ഡൽഹി കോ ഓർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ എന്ന സംഘടനയിലെ അംഗങ്ങളാണ് ഇന്നലെ വൈകയട്ട് ഇന്ത്യാ ഗേറ്റിന് സമീപം പ്രതിഷേധിച്ചത്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇന്ത്യാ ഗേറ്റിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇവിടെയല്ല പ്രതിഷേധിക്കേണ്ടത്, പ്രതിഷേധത്തിനുള്ള സ്ഥലം ജന്തർ മന്തർ ആണെന്ന് പറഞ്ഞാണ് പൊലീസ് തടഞ്ഞത്. ഇന്നലെ ഡൽഹിയിൽ ശരാശരി വായു ഗുണനിലവാര സൂചിക 392 ആയിരുന്നു. വളരെ മോശം നിലയാണിത്. വായു ഗുണനിലവാര സൂചിക അപകടാവസ്ഥയിൽ തുടരുന്നതിനാൽ ഡൽഹിയിൽ ഗ്രാപ്-3 അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.