എസ്.ഐ.ആർ നിസഹകരണം,​ യു.പിയിൽ ബി.എൽ.ഒമാർക്ക് എതിരെ കർശന നടപടി

Monday 24 November 2025 1:44 AM IST

ന്യൂഡൽഹി: ഉത്തർപ്രദേശിൽ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷകരണം (എസ്.ഐ.ആർ) സംബന്ധിച്ച ജോലികളിൽ സഹകരിക്കാത്ത 60 ബൂത്ത് ലെവൽ ഓഫീസർമാർക്കും(ബി.എൽ.ഒ) ഏഴ് സൂപ്പർവൈസർമാർക്കുമെതിരെ കേസ്. ബി.എൽ.ഒമാരായി നിയോഗിക്കപ്പെട്ട 181 അങ്കണവാടി വർക്കർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും ശുപാർശ ചെയ്‌തു. ബറൈച്ചിൽ രണ്ട് ബി.എൽ.ഒമാരെ സസ്‌പെൻഡ് ചെയ്‌തു.

ഉത്തരവ് നൽകിയിട്ടും നടപടിക്രമങ്ങൾ ആരംഭിക്കാത്തതിന് ദാദ്രിയിൽ 32 ബി.എൽ .ഒമാരും ഒരു സൂപ്പർവൈസറും നോയിഡയിൽ 11 ബി.എൽ.ഒമാരും ആറ് സൂപ്പർവൈസർമാരും ജെവാറിൽ 17 ബി.എൽ.ഒമാരും ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവുപ് കാരം നടപടിക്ക് വിധേയരായി. ഔദ്യോഗിക കടമ ലംഘിച്ചതിന് ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷൻ 32 പ്രകാരമാണ് കേസെടുത്തത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. കുറഞ്ഞത് 3 മാസം മുതൽ പരമാവധി 2 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. സഹകരിക്കാതിരുന്ന 140 ബി.എൽ.എമാർക്ക് കഴിഞ്ഞ ഏഴിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇവരിൽ ഭൂരിഭാഗവും ജോലി പുനരാരംഭിച്ചു.

ഗ്രേറ്റർ നോയിഡയിൽ നടന്ന എസ്.ഐ.ആർ അവലോകന യോഗത്തിൽ, ജില്ലാ മജിസ്ട്രേട്ട് മേധ രൂപമാണ് ജോലിയിലെ അശ്രദ്ധയ്ക്ക് 181 അങ്കണവാടി വർക്കർമാരെ പിരിച്ചുവിടാൻ ശുപാർശ നൽകിയത്. 191 അസിസ്റ്റന്റ് ടീച്ചർമാർ, 113 ശിക്ഷാ മിത്രമാർ അടക്കം 304 പേർക്കെതിരെ നടപടിക്ക് ശുപാർശയുണ്ട്. ജോലി തുടങ്ങാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഒരു ദിവസത്തെ ശമ്പളം തടഞ്ഞുവയ്ക്കുമെന്നും മേധ രൂപ അറിയിച്ചു. ബറൈൻബാഗ് പ്രൈമറി സ്‌കൂളിലെ പ്രധാനാദ്ധ്യാപികയായ ഷാമ നഫീസ്, ബൽഹ മണ്ഡലത്തിലെ നൗസർ ഗുംതിഹ സ്‌കൂളിൽ ബി.എൽ.ഒ ആയി നിയമിതനായ അദ്ധ്യാപകൻ അനുരാഗ് എന്നിവരെ സസ്പെൻഡ് ചെയ്തു.

50,000ൽ അധികം വോട്ടർമാരെ

ഒഴിവാക്കാൻ നീക്കം: അഖിലേഷ്

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പിയിൽ തന്റെ പാർട്ടിയും 'ഇന്ത്യ" മുന്നണിയും മികച്ച പ്രകടനം കാഴ്ചവച്ച മേഖലകളിൽ നിന്ന് 50,000 വോട്ടുകൾ എസ്.ഐ.ആർ വഴി നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷനുമൊത്ത് ബി.ജെ.പി ഗൂഢാലോചന നടത്തിയതായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. യു.പിയിലും പശ്ചിമ ബംഗാളിലും, തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചേർന്ന് ബി.ജെ.പി വലിയ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു.വോട്ടർ പട്ടിക സൂക്ഷ്മമായി പരിശോധിക്കാനും, ബൂത്ത് ലെവൽ യോഗ്യരായ വോട്ടർമാരെ ചേർക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, ക്രമക്കേടുകൾ കണ്ടാൽ റിപ്പോർട്ട് ചെയ്യാനും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്‌തു.