ചണ്ഡിഗഡ് രാഷ്‌ട്രപതിക്ക് കീഴിൽ: ബിൽ ശീതകാല സമ്മേളനത്തിലില്ല
ന്യൂഡൽഹി: കേന്ദ്ര ഭരണ പ്രദേശവും പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനവുമായ ചണ്ഡിഗഡിനെ രാഷ്‌ട്രപതിയുടെ നിയന്ത്രണത്തിലാക്കാനുള്ള ബിൽ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ. ഭരണഘടനയുടെ 240-ാം അനുച്ഛേദ പ്രകാരം രാഷ്‌ട്രപതിയുടെ നിയന്ത്രണത്തിലാക്കാനുള്ള നീക്കത്തെത്തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണിത്. ചണ്ഡിഗറിനായുള്ള നിയമനിർമ്മാണം ലളിതമാക്കാനുള്ള നിർദ്ദേശം പരിഗണനയിലാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള ഭരണസംവിധാനത്തിൽ മാറ്റം വരുത്താനോ പഞ്ചാബുമായും ഹരിയാനയുമായുമുള്ള ബന്ധത്തിൽ മാറ്റമുണ്ടാക്കാനോ ലക്ഷ്യമിടുന്നില്ലെന്നും അറിയിച്ചു.
ചണ്ഡിഗഡിനെ 240-ാം അനുച്ഛേദത്തിന്റെ പരിധിയിലാക്കുന്നതിനുള്ള 131-ാം ഭരണഘടനാ ഭേദഗതി ബിൽ ഡിസംബർ ഒന്നിന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനായിരുന്നു നീക്കം. നിയമസഭകളില്ലാത്ത മറ്റ് കേന്ദ്രഭരണ പ്രദേശങ്ങൾക്ക് തുല്യമാക്കുകയായിരുന്നു ലക്ഷ്യം. പഞ്ചാബ് ഭരിക്കുന്ന ആം ആദ്‌മി പാർട്ടിയും പ്രതിപക്ഷത്തെ കോൺഗ്രസും അകാലിദളും നീക്കം എതിർത്തു. 'പഞ്ചാബ് വിരുദ്ധ"മാണിതെന്ന് വ്യക്തമാക്കി.
സംയുക്ത തലസ്ഥാനം
1966ൽ പഞ്ചാബ് വിഭജിച്ച് ഹരിയാന രൂപീകരിച്ചപ്പോഴാണ് ചണ്ഡിഗഡ് കേന്ദ്രഭരണ പ്രദേശമായത്. ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാനമാണെങ്കിലും
പഞ്ചാബ് ഗവർണർക്കാണ് ഭരണച്ചുമതല. ഹരിയാനയ്‌ക്ക് മറ്റൊരു തലസ്ഥാനം നൽകി ചണ്ഡിഗഡ് തങ്ങൾക്ക് വിട്ടുനൽകണമെന്നാണ് പഞ്ചാബിന്റെ ദീർഘകാലമായ ആവശ്യം.
240-ാം അനുച്ഛേദം
ഭരണഘടനയുടെ 240-ാം അനുച്ഛേദത്തിന്റെ പരിധിയിൽ കൊണ്ടുവന്നാൽ കേന്ദ്രഭരണ പ്രദേശത്തിനായി നേരിട്ട് ചട്ടങ്ങൾ രൂപീകരിക്കാൻ രാഷ്ട്രപതിക്ക് അധികാരം. സമാധാനം, പുരോഗതി, സദ്ഭരണം എന്നിവയ്ക്കായി രാഷ്ട്രപതിക്ക് നിയമങ്ങൾ നിർമ്മിക്കാം. ലെഫ്. ഗവർണർക്കായിരിക്കും ഭരണ ചുമതല. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ആൻഡ് ദിയു, പുതുച്ചേരി (നിയമസഭ പിരിച്ചുവിടുന്ന സമയത്ത്) എന്നിവയാണ് നിലവിൽ 240-ാം അനുച്ഛേദത്തിന്റെ പരിധിയിലുള്ളത്.
ഭേദഗതി പഞ്ചാബിന്റെ താത്പര്യങ്ങൾക്കെതിര്. ചണ്ഡിഗഡിനെ തട്ടിയെടുക്കാനുള്ള ഗൂഢാലോചന അനുവദിക്കില്ല. ചണ്ഡിഗഡ് പഞ്ചാബിന് മാത്രം അവകാശപ്പെട്ടതാണ്. അത് വിട്ടുകൊടുക്കില്ല.
-ഭഗവന്ത് സിംഗ് മാൻ
പഞ്ചാബ് മുഖ്യമന്ത്രി
കേന്ദ്ര നീക്കം പഞ്ചാബിന്റെ സ്വത്വത്തിന് നേരെയുള്ള ആക്രമണം. പഞ്ചാബികൾ ഒരിക്കലും സ്വേച്ഛാധിപത്യത്തിന് മുന്നിൽ തലകുനിച്ചിട്ടില്ല. ഇനിയുമുണ്ടാകില്ല. ചണ്ഡീഗർ പഞ്ചാബിന്റേതാണ്.
-അരവിന്ദ് കേജ്‌രിവാൾ,
ആംആദ്‌മി പാർട്ടി
ചണ്ഡിഗഡിനെ തട്ടിയെടുക്കാനുള്ള ഏതൊരു ശ്രമവും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും
അമരീന്ദർ സിംഗ് രാജ വാറിംഗ്,
പഞ്ചാബ് പി.സി.സി അദ്ധ്യക്ഷൻ
പഞ്ചാബിന്റെ അവിഭാജ്യ ഘടകമാണ് ചണ്ഡിഗഡ്. സംസ്ഥാന താത്പര്യങ്ങൾക്കൊപ്പമെ ബി.ജെ.പി നിൽക്കു.
സുനിൽ ഝാക്കർ,
ബി.ജെ.പി അദ്ധ്യക്ഷൻ