മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം; ആശങ്ക വേണ്ടെന്ന് വിദഗ്‌ദ്ധർ

Monday 24 November 2025 12:47 AM IST

ന്യൂഡൽഹി: ബീഹാറിൽ നടത്തിയ പഠനത്തിൽ മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം കണ്ടെത്തിയതിൽ ആശങ്കപ്പെടേണ്ടെന്ന് വിദഗ്‌ദ്ധർ. അനുവദനീയമായതിലും കുറഞ്ഞ നിരക്കിൽ മാത്രമാണ് യുറേനിയം കണ്ടെത്തിയിട്ടുള്ളതെന്നും പഠനത്തിൽ പറയുന്നു. ഒരു ലിറ്റർ മുലപ്പാലിൽ 0-5.25 മൈക്രോഗ്രാം വരെയാണ് യുറേനിയം കണ്ടെത്തിയത്. മുലപ്പാലിന്റെ പോഷകമൂല്യം കണക്കിലെടുക്കുമ്പോൾ ഇത് അപകടകരമല്ല.

മുലപ്പാലിൽ അനുവദനീയമായ യുറേനിയം എത്രയെന്നതിന് കൃത്യമായ കണക്കില്ല. കുടിവെള്ളത്തിൽ ലിറ്ററിൽ 30 മൈക്രോഗ്രാം വരെ യുറേനിയം അനുവദനീയമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ മുലപ്പാലിലെ കുറഞ്ഞ അളവിലുള്ള യുറേനിയം ശിശുക്കൾക്ക് ദോഷം ചെയ്യില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. അമിതമായ അളവിൽ യുറേനിയം ചെന്നാൽ ശിശുക്കളിൽ വൃക്ക, നാഡീവ്യവസ്ഥ എന്നിവയുടെ വളർച്ച തടസപ്പെടും. ബീഹാറിൽ നടത്തിയ പഠനത്തിലെ കണ്ടെത്തൽ പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നതല്ലെന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിട്ടി അംഗ് ഡോ. ദിനേഷ് കെ. അസ്വാൾ പറഞ്ഞു.

ബീഹാറിലെ ഭോജ്‌പൂർ, സമസ്‌തിപൂർ, ബെഗുസാരായ്, ഖഗാരിയ, കതിഹാർ, നളന്ദ ജില്ലകളിൽ 2021 ഒക്ടോബർ മുതൽ 2024 ജൂലായ് വരെ 17-35 പ്രായമുള്ള 40 മുലയൂട്ടുന്ന സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് യുറേനിയം കണ്ടെത്തിയത്. എല്ലാ സാംപിളിലും യുറേനിയം സാന്നിധ്യം കണ്ടെത്തിയെന്ന് പഠനസംഘത്തിലുണ്ടായിരുന്ന ഡൽഹി എയിംസിലെ ഡോ. അശോക് ശർമ പറഞ്ഞു. പഠനറിപ്പോർട്ട് അന്താരാഷ്ട്ര ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ചിരുന്നു. യുറേനിയം കുടിവെള്ളം, ഭക്ഷണം എന്നിവ വഴി ഉള്ളിൽ ചെന്നതാവാമെന്നും റിപ്പോർട്ടിൽ പറയുന്നു. ബീഹാറിലെ മഹാവീർ കാൻസർ സംസ്ഥാൻ ആന്റ് റിസർച്ച് സെന്ററിലെ ഡോ. അരുൺ കുമാർ ആണ് പഠനത്തിന് നേതൃത്വം നൽകിയത്.