വിളയിൽമൂല - കുന്നും പുറത്ത് റോഡ് അത്യാസന്ന നിലയിൽ

Monday 24 November 2025 1:48 AM IST

വക്കം: വർഷങ്ങൾക്ക് മുൻപ് വാട്ടർ അതോറിട്ടി പൈപ്പിടാൻ റോഡ് വെട്ടിപ്പൊളിച്ചപ്പോൾ തുടങ്ങിയതാണ് വിളയിൽമൂല കുന്നുംപുറത്ത്കാരുടെ യാത്രാദുരിതം. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ കീഴാറ്റിങ്ങൽ 3-ാം വാർഡിൽ ഉൾപ്പെടുന്ന വിളയിൽ മൂലയിൽ നിന്ന് കുന്നുംപുറത്തേക്കും,ഐ.ഒ.ബി,സുബ്രഹ്‌മണ്യൻ കോവിലേക്കും പോകുന്ന റോഡിനാണ് ഈ അവസ്ഥ.

റോഡ് തുടങ്ങുന്ന ഭാഗത്ത് റോഡിന്റെ മദ്ധ്യഭാഗത്തായാണ് ജല അതോറിട്ടി പൈപ്പ് സ്ഥാപിച്ചത്. പൈപ്പ് സ്ഥാപിച്ചതിനുശേഷം പൂർവസ്ഥിതിയിലാക്കാനോ,ടാറിടാനോ ബന്ധപ്പെട്ടവർ ശ്രമിക്കാത്തതാണ് ഇപ്പോഴുള്ള അവസ്ഥയ്ക്ക് കാരണം.

ഇരുചക്ര വാഹനങ്ങൾ മെറ്റലുകളിൽ തെന്നിവീണ് അപകടത്തിൽപ്പെടുന്നതും പതിവാണ്. തെരുവ് വിളക്കുകൾ യഥാവിധം പ്രകാശിക്കുന്നില്ലാത്തതും അപകടത്തിന് ആക്കം കൂട്ടുന്നു.എത്രയും വേഗം റോഡ് നന്നാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

റോഡിനെ ആശ്രയിക്കുന്നത് - 250 ഓളം കുടുംബം

ഒരു കിലോമീറ്ററോളം വരുന്ന ഭാഗത്ത് ഇപ്പോൾ മെറ്റൽ ഇളകി റോഡിൽ ചിതറിക്കിടക്കുകയാണ്. ഇതുവഴിയുള്ള കാൽനടയാത്രയും,വാഹനയാത്രയും ദുഷ്കരമാണ്.

ഓട്ടം വാരാതെ ഓട്ടോറിക്ഷകൾ

കാറുകൾ,സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡായിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ടാക്സി,ഓട്ടോറിക്ഷകൾ ഒന്നും ഇതുവഴി ഓട്ടം വരാൻ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതോടെ രോഗികളും, കിടപ്പുരോഗികളും ദുരിതത്തിലാണ്. ഇപ്പോൾ ഇവിടുത്തു കാർ ഒരു കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ച്‌ പഴയ വില്ലേജാഫീസിന്റെ വഴിയിലൂടെയാണ് യാത്ര. ഈ റോഡിന്റെ അവസ്ഥയും വിഭിന്നമല്ല.

വീതി കുറഞ്ഞ റോഡിന്റെ ഒരു വശത്തെ മണ്ണ് ഇടിഞ്ഞിരിക്കുന്നു. മണ്ണിടിഞ്ഞ ഭാഗത്ത് ഇലക്ട്രിക് പോസ്റ്റ് തറയിൽ ചേർത്തിട്ടിരിക്കുകയാണ്. ഇവിടെയും തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല.

വിളയിൽമൂല കുന്നുംപുറം റോഡിലൂടെയുള്ള യാത്രാ ദുരിതം പരിഹരിക്കാനും, തെരുവു വിളക്കുകൾ യഥാവിധം പ്രകാശിപ്പിക്കാനും അടിയന്തര നടപടിയുണ്ടാകണം.

പ്രസാദ്.ജി, രൺധീർ കോട്ടേജ്

കീഴാറ്റിങ്ങൽ

ക്യാപ്ഷൻ: പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന വിളയിൽമൂല കുന്നും പുറം റോഡ്