വൈ.എം.സി.എ ബാല ചിത്രരചന മത്സരം
പയ്യാവൂർ: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിലുള്ള അഖില കേരള ബാലചിത്രരചന മത്സരത്തിന്റെ ഭാഗമായി കുടിയാന്മല വൈ.എം.സി.എയുടെ നേതൃത്വത്തിൽ കുടിയാന്മല ഫാത്തിമ യു.പി സ്‌കൂൾ, മേരി ക്യൂൻസ് ഹൈസ്‌കൂൾ, ഹോളിക്രോസ് പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി. കൊച്ചു കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വൈ.എം.സി.എ നടത്തുന്ന പ്രവർത്തനങ്ങൾ എന്നും സമൂഹത്തിലെ കലാകാരന്മാർക്ക് ഉണർവേകുന്ന മാതൃകയാണെന്ന് മത്സരം ഉദ്ഘാടനം ചെയ്ത കുടിയാന്മല ഫാത്തിമ മാതാ പള്ളി സഹവികാരി ഫാ. നെൽസൺ ഞാളിയത്ത് പറഞ്ഞു. കുടിയാന്മല വൈ.എം.സി.എ പ്രസിഡന്റ് ജിമ്മി ആയിത്തമറ്റം അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ബേബി വട്ടക്കുന്നേൽ, വനിതാ ഫോറം പ്രസിഡന്റ് സാലി ജോസ് മുണ്ടാംപള്ളി, സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. സജി പിണക്കാട്ട്, ജോസ് മുണ്ടാംപള്ളി, മാത്യു കുടക്കച്ചിറ തുടങ്ങിയവർ നേതൃത്വം നൽകി.