കവ‌‌ർച്ചയ്ക്കെത്തിയവരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് കടയുടമ

Monday 24 November 2025 1:47 AM IST

മൂവാറ്റുപുഴ: സ്ക്രാപ്പ് കടയിൽ കവർച്ച നടത്താൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളികളെ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് കടയുടമ. അർദ്ധരാത്രിയോടെയാണ് സ്വന്തം സ്ഥാപനത്തിലെ സി.സി.ടിവിയിൽ ആളനക്കം കണ്ടതിനെ തുടർന്ന് മകനുമായെത്തിയ ഉടമ കവർച്ചയ്ക്കെത്തിയ മൂന്നംഗ പ്രതികളെ പിടികൂടിയത്. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അർജൻ ഷേക്ക് (23),​ അസ്‌റഫുൾ അലാം (28), രജിബ് ഷേക്ക് (37) എന്നിവരാണ് പിടിയിലായത്. നിർമ്മല കോളേജ് ഭാഗത്ത് കെ.എം.പി സോമില്ലിന് സമീപമുള്ള സ്‌ക്രാപ്പ് കടയിലാണ് മോഷണശ്രമം നടന്നത്. കടയുടമ ഈസ്റ്റ് വാഴപ്പിളളി കളരിക്കൽ അബ്ദുൾ സലാം, മകൻ മുഹമ്മദ് അഷ്‌കർ എന്നിവർ ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇവരെ മൂവാറ്റുപുഴ ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പിന്നീട് അറസ്റ്റ് ചെയ്തു.കടയുടെ പിൻഭാഗത്തുള്ള ഷീറ്റ് പൊളിച്ച് സംഘം അകത്തുകയറുകയായിരുന്നു. മോഷ്ടാക്കളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ കമ്പി വടികൊണ്ട് കടയുടമയെയും മകനെയും ആക്രമിച്ചു.പൊലീസ് സംഘത്തിൽ എസ്‌.ഐമാരായ പി.ബി.സത്യൻ,വി.സി.സജി,ജിബി യോഹന്നാൻ,എ.എസ്‌.ഐ പി.എസ് സലിം,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജോബി.പി.ചാക്കോ,രഞ്ജിത് രാജൻ,സിജോ തങ്കപ്പൻ എന്നിവരും ഉണ്ടായിരുന്നു.